| Friday, 13th September 2024, 8:40 am

ആ ഇതിഹാസമാണ് എന്നോട് ഗുജറാത്ത് ടൈറ്റന്‍സില്‍ ചേരാന്‍ ആവശ്യപ്പെട്ടത്: ശുഭ്മന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ ദി നെക്സ്റ്റ് ബിഗ് തിങ് എന്ന വിശേഷിപ്പിക്കപ്പെട്ട താരമാണ് ശുഭ്മന്‍ ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിരാട് കോഹ്‌ലിയുടെയും ലെഗസി പിന്തുടരാന്‍ പോന്ന ആരാണ് ടീമിനൊപ്പമുള്ളതെന്ന ചോദ്യത്തിന് മാധ്യമങ്ങളും ആരാധകരും ഉയര്‍ത്തിക്കാട്ടിയ പേരും ഗില്ലിന്റേത് തന്നെയായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം മാത്രമല്ല, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച താരം 2021ലാണ് ടീമിനോട് വിട പറയുന്നത്.

2022ല്‍ ഐ.പി.എല്ലിലെ പുതിയ ടീമായെത്തിയ ഗുജറാത്ത് ടൈറ്റന്‍സാണ് ഗില്ലിനെ സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യക്കും റാഷിദ് ഖാനും ശേഷം മൂന്നാമതായി ടൈറ്റന്‍സ് സ്വന്തമാക്കിയത് ഗില്ലിനെയായിരുന്നു.

താന്‍ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഗില്‍. 2023ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് താന്‍ ടൈറ്റന്‍സിന്റെ ഭാഗമായതിനെ കുറിച്ചും അതിന് കാരണമായവരെ കുറിച്ചും സംസാരിച്ചത്.

യുവരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ടൈറ്റന്‍സിന്റെ ഭാഗമായതെന്നാണ് ഗില്‍ പറയുന്നത്. യുവി പാജി തന്നെ വിളിച്ചെന്നും ടൈറ്റന്‍സില്‍ നിനക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടാകുമെന്നും യുവി പറഞ്ഞതായി ഗില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘യുവി പാജിയാണ് എന്നോട് ഗുജറാത്ത് ടൈറ്റന്‍സില്‍ ചേരാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചു. രണ്ടാമതായി ഗുര്‍കിരാത് മാന്നും എന്നെ വിളിച്ചു. അദ്ദേഹം എന്റെ വളരെയടുത്ത സുഹൃത്താണ്.

ഗുജറാത്ത് ടൈറ്റന്‍സിന് എന്നെ സ്വന്തമാക്കാന്‍ താത്പര്യമുണ്ട്, എന്താണ് ചെയ്യുന്നതെന്ന് യുവി പാജി എന്നോട് ചോദിച്ചു. അവിടം വളരെ മികച്ച സെറ്റ് അപ് ആണെന്നും അവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്,’ ഗില്‍ പറഞ്ഞു.

ടൈറ്റന്‍സിലെത്തിയ ആദ്യ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടമുയര്‍ത്താന്‍ ഗില്ലിന് സാധിച്ചിരുന്നു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഗില്‍ ഫിനിഷ് ചെയ്തത്. 16 മത്സരത്തില്‍ നിന്നും 34.50 ശരാശരിയില്‍ 483 റണ്‍സാണ് ഗില്‍ നേടിയത്.

2023ലും ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും കപ്പുയര്‍ത്താന്‍ ടൈറ്റന്‍സിന് സാധിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടാണ് ടൈറ്റന്‍സിന്റെ രണ്ടാം കിരീടമോഹം അവസാനിച്ചത്. എങ്കിലും ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ് നേടാന്‍ താരത്തിന് സാധിച്ചിരുന്നു. 17 മത്സരത്തില്‍ നിന്നും 59.33 ശരാശരിയില്‍ 890 റണ്‍സാണ് ഗില്‍ നേടിയത്.

ഹര്‍ദിക് പാണ്ഡ്യ ടീം വിട്ട 2024ല്‍ ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സിയും ഗില്ലിനെ തേടിയെത്തി. എന്നാല്‍ ക്യാപ്റ്റന്റെ റോളിലെത്തിയ ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല.

Content Highlight: Shubman Gill said that Yuvraj Singh asked him to join Gujarat Titans

Latest Stories

We use cookies to give you the best possible experience. Learn more