ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചപ്പോള്‍ വിരാട് കോഹ്‌ലിയായി ശുഭ്മാന്‍ ഗില്‍
IPL
ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചപ്പോള്‍ വിരാട് കോഹ്‌ലിയായി ശുഭ്മാന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th May 2022, 11:08 am

ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നിഷ്പ്രഭമാക്കിയാണ് ഗുജറാത്ത് ടൈറ്റന്‍സ് കപ്പില്‍ മുത്തമിട്ടത്. സീസണില്‍ ഏറ്റുമുട്ടിയ എല്ലാ മത്സരത്തിലും രാജസ്ഥാനെ മുട്ടുകുത്തിച്ച് റോയലായി തന്നെയാണ് ടൈറ്റന്‍സ് ചാമ്പ്യന്‍മാരായി കളം വിട്ടത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന്റെ തീരുമാനത്തെ എണ്ണം പറഞ്ഞ ഡെലിവറികളാല്‍ ചോദ്യം ചെയ്തായിരുന്നു ഗുജറാത്ത് ബൗളര്‍മാര്‍ കളം നിറഞ്ഞാടിയത്.

ബൗളര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിച്ച് രാജസ്ഥാന്‍ നിരയെ 130ന് എറിഞ്ഞിട്ടപ്പോള്‍, ബാക്കിയുള്ളത് ബാറ്റര്‍മാരും പൂര്‍ത്തിയാക്കി.

ശുഭ്മാന്‍ ഗില്ലും ഹര്‍ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറുമാണ് രാജസ്ഥാന്‍ നിരയെ തച്ചുതകര്‍ത്തത്. ഗില്‍ 43 പന്തില്‍ നിന്നും 45ഉം ഹര്‍ദിക് 30 പന്തില്‍ നിന്നും 34 റണ്‍സും സ്വന്തമാക്കി. മില്ലര്‍ വീണ്ടും കില്ലറായപ്പോള്‍ 11 പന്ത് ബാക്കി നില്‍ക്കെ ടൈറ്റന്‍സ് കിരീടം സ്വന്തമാക്കി.

ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതില്‍ രാജസ്ഥാന്‍ ശരിക്കും ഖേദിക്കുന്നുണ്ടാവണം. ഗില്‍ തന്നെയാണ് ഗുജറാത്തിന്റെ വിജയ റണ്‍ സ്വന്തമാക്കിയത് എന്ന് ഓര്‍ക്കുമ്പോഴായിരിക്കും രാജസ്ഥാന്റെ ഓര്‍മകള്‍ വീണ്ടും നീറുന്നത്.

വിജയറണ്‍ നേടിയ ശേഷമുള്ള ഗില്ലിന്റെ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വിരാട് കോഹ്‌ലിയുടെ ആഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഗില്ലിന്റെ പ്രകടനം.

ഇതിന് പിന്നാലെ ഗില്‍ സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപിക്കാവുകയായിരുന്നു. കോഹ്‌ലി കിംഗ് ആണെങ്കില്‍ ഗില്‍ പ്രിന്‍സ് (രാജകുമാരന്‍) ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വാദം.

ഏതായാലും ക്രിക്കറ്റ് ലോകം ഒന്നടങ്കം ഹാപ്പിയാണ്. ആദ്യമായി ക്യാപ്റ്റനായ ഹര്‍ദിക്കും ആദ്യമായി ഐ.പി.എല്‍ കളിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സും ചാമ്പ്യന്‍ പട്ടമണിഞ്ഞതിന്റെ ആവേശമാണ് ഇപ്പോള്‍ അലയടിക്കുന്നത്.

 

 

Content Highlight: Shubman Gill’s Virat Kohli-like celebration after IPL final