ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന താരമാണ് ശുഭ്മന്‍ ഗില്‍. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യക്ക് കരുത്തായും ടീം സ്‌കോറിനെ ഒറ്റക്ക് ചുമലിലേറ്റിയും ഗില്‍ പല തവണ തന്റെ കരീസ്മ തെളിയിച്ചതാണ്.
ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ബാറ്ററും ഗില്‍ തന്നെയാണ്. 734 റേറ്റിങ്ങുമായിട്ടാണ് ഗില്‍ ഐ.സി.സി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ളത്.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും നിലവിലെ നായകന്‍ രോഹിത് ശര്‍മയെയും മറികടന്നുകൊണ്ടാണ് ഗില്‍ ഐ.സി.സി റാങ്കിങ്ങില്‍ മുന്നിലെത്തി നില്‍ക്കുന്നത്. റാങ്കിങ്ങില്‍ കോഹ്‌ലി ഏഴാം സ്ഥാനത്തും രോഹിത് ഒമ്പതാം സ്ഥാനത്തുമാണ്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയും മൂന്ന് മത്സരങ്ങളടങ്ങിയ ഒരു ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്ററായും ഗില്‍ കരുത്ത് തെളിയിച്ചിരുന്നു.
ഏകദിനത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുമ്പോഴും ടി-20 ഫോര്‍മാറ്റില്‍ ഗില്‍ പരാജയമാവുകയാണ്. അവസാനം കളിച്ച ആഞ്ച് ടി-20യില്‍ നിന്നും ഗില്‍ ഒറ്റയക്കത്തിന് പുറത്തായത് മൂന്ന് തവണയാണ്.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെയും സ്‌കോര്‍ ബോര്‍ഡ് പരിശോധിച്ചാല്‍ ടി-20യില്‍ ഇരുന്ന് വിയര്‍ക്കുന്ന ഗില്ലിനെ നമുക്ക് കാണാന്‍ സാധിക്കും.
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20യില്‍ പുറത്തെടുത്ത പ്രകടനമല്ലാതെ ഈയടുത്ത് ഗില്ലിന്റെ പേരിന് നേരെ കുറിക്കാന്‍ പോന്ന റെക്കോഡുകളോ വമ്പന്‍ സ്‌കോറുകളോ ഒന്നും തന്നെ പിറന്നിട്ടില്ല.
11 (9), 7 (6), 46 (36), 5 (3), 7 (5) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരത്തില്‍ ഗില്ലിന്റെ പ്രകടനം. ഏകദിനത്തില്‍ സ്‌പെഷ്യലിസ്റ്റായി വളര്‍ത്തിയെടുക്കേണ്ടതിന് പകരം ബി.സി.സി.ഐ ‘ഗില്ലിനെ’ കൊണ്ട് കല്ലെടുപ്പിക്കുകയാണ്.
ഇതേ നിലപാട് തന്നെയാണ് സൂര്യകുമാര്‍ യാദവിന്റെ കാര്യത്തിലും മാനേജ്‌മെന്റ് കൈക്കൊള്ളുന്നത്. ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററായ സൂര്യകുമാറിനെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പോലുള്ള നിര്‍ണായക പരമ്പരയില്‍ പരീക്ഷണത്തിന് മുതിരുന്നത്.
ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി വളരേണ്ടവനാണ്. പല ക്രിക്കറ്റ് ലെജന്‍ഡുകളും വിരാട് കോഹ്‌ലിയുടെ പിന്‍മുറക്കാരനായി കാണുന്നതും ഗില്ലിനെ തന്നെയാണ്. അതുകൊണ്ടുതന്നെ ഗില്ലിനെ കൃത്യമായി തന്നെ വളര്‍ത്തിയെടുക്കേണ്ടത് ഭാവിയുടെ കൂടി ആവശ്യകതയാണ്.