| Friday, 25th November 2022, 5:04 pm

അടുത്ത വിരാട് കോഹ്‌ലി ഇവന്‍ തന്നെയാണാടെ ഉവ്വേ... തോല്‍വിയിലും ഇന്ത്യക്ക് അഭിമാനിക്കാനേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചിരിക്കുകയാണ്. ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ന്യൂസിലാന്‍ഡ് ആ ലക്ഷ്യം ഏഴ് വിക്കറ്റും 17 പന്തും ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി അഞ്ചാമന്‍ ടോം ലാഥവും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാന്‍ഡ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.

104 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 145 റണ്‍സാണ് ടോം ലാഥം സ്വന്തമാക്കിയത്. 98 പന്തില്‍ നിന്നും 94 റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.

ന്യൂസിലാന്‍ഡ് താരങ്ങളുടെ മാസ്മരിക ഇന്നിങ്‌സിനൊപ്പവും ഇന്ത്യന്‍ യുവതാരങ്ങളുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളും ചര്‍ച്ചയാവുന്നുണ്ട്. 76 പന്തില്‍ നിന്നും 80 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 65 പന്തില്‍ നിന്നും 50 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ 16 പന്തില്‍ നിന്നും 37 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യന്‍ നിരയില്‍ ശ്രദ്ധേയമായി.

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ശുഭ്മന്‍ ഗില്ലിനുള്ള പ്രശസകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 2022ല്‍ കളിച്ച പത്ത് ഏകദിനങ്ങളില്‍ നിന്നും താരം ഒരു അര്‍ധ സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയമടക്കം 581 റണ്‍സാണ് സ്വന്തമാക്കിയത്.

50 (65) vs ന്യൂസിലാന്‍ഡ്

49 (57) vs സൗത്ത് ആഫ്രിക്ക

28 (26) vs സൗത്ത് ആഫ്രിക്ക

3 (7) vs സൗത്ത് ആഫ്രിക്ക

130 (97) vs സിംബാബ്‌വേ

33 (34) vs സിംബാബ്‌വേ

82* (72) vs സിംബാബ്‌വേ

98* (98) vs വെസ്റ്റ് ഇന്‍ഡീസ്

43 (49) vs വെസ്റ്റ് ഇന്‍ഡീസ്

65 (53) vs വെസ്റ്റ് ഇന്‍ഡീസ് – എന്നിങ്ങനെയാണ് കഴിഞ്ഞ പത്ത് ഏകദിനത്തിലെ താരത്തിന്റെ സ്‌കോര്‍ കാര്‍ഡ്.

മികച്ച പ്രകടനത്തിന് പിന്നാലെ താരത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയുടെ ഭാവി ഗില്ലിനെ പോലുള്ള ബാറ്റര്‍മാരില്‍ സുരക്ഷിതമാണെന്നും ഇന്ത്യയുടെ അടുത്ത വിരാട് കോഹ്‌ലി ശുഭ്മന്‍ ഗില്‍ ആണെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.

ടി-20 പരമ്പരയിലേതെന്ന പോലെ മഴ വില്ലനായാല്‍ ഒരുപക്ഷേ പരമ്പര കിവീസിന് മുമ്പില്‍ അടിയറ വെക്കേണ്ടിയും വന്നേക്കാം.

നവംബര്‍ 27നാണ് പരമ്പരയിലെ അടുത്ത മത്സരം. സെഡന്‍ പാര്‍ക്കാണ് വേദി.

Content Highlight: Shubman Gill’s consistent performance in ODI

We use cookies to give you the best possible experience. Learn more