| Friday, 26th May 2023, 9:21 pm

ആ രണ്ട് ഷോട്ട് മാത്രം കണ്ടാല്‍ തന്നെ പൈസ വസൂല്‍; അഞ്ചിന് അഞ്ച് വിക്കറ്റെടുത്തവനെ തല്ലിയൊതുക്കി ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ രണ്ടാം ക്വാളിഫയര്‍ മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. ഹോം ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ ജീവന്‍മരണ പോരാട്ടമാണ് ഇരുടീമും പുറത്തെടുക്കുന്നത്.

വെറ്റ് ഔട്ട്ഫീല്‍ഡ് കാരണം മത്സരം ആരംഭിക്കാന്‍ വൈകിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

പതിഞ്ഞ തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത്. വൃദ്ധിമാന്‍ സാഹയും ശുഭ്മന്‍ ഗില്ലും സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ടതോടെ മുംബൈ ഡ്രൈവിങ് സീറ്റിലേക്കെത്തി. സാഹയെ തുടക്കത്തിലേ മടക്കി പീയൂഷ് ചൗള മുംബൈക്കാവശ്യമായ ബ്രേക്ക് ത്രൂവും നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ന്നങ്ങോട്ട് ശുഭ്മന്‍ ഗില്ലിന്റെ അഴിഞ്ഞാട്ടമായിരുന്നു നരേന്ദ്ര മോദി സ്‌റ്റേഡിയം കണ്ടത്. ഒന്നിന് പുറകെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറന്നതോടെ സ്‌കോര്‍ ഉയര്‍ന്നു.

മുമ്പിലെത്തിയ ബൗളര്‍മാരെയെല്ലാം ഗില്‍ ആക്രമിച്ചു കളിച്ചു. റണ്‍ റേറ്റ് താഴാതെ വമ്പനടിയുമായി കളം നിറഞ്ഞാടിയ ഗില്‍ ആരാധകര്‍ക്ക് വിരുന്ന് തന്നെ സമ്മാനിച്ചു.

ഇതില്‍ എടുത്ത് പറയേണ്ടത് ആകാശ് മധ്വാളെറിഞ്ഞ 12ാം ഓവറാണ്. മൂന്ന് സിക്‌സറക്കം 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

ഓവറിലെ ആദ്യ പന്ത് തന്നെ ഡീപ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ സിക്‌സറിന് പറത്തിയ ഗില്‍ തൊട്ടടുത്ത പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ ഗാലറിയിലെത്തിച്ചു.

ഈ രണ്ട് ഷോട്ടുകളും കണ്ട കമന്റേറ്റര്‍മാരും ആവേശത്തിലായിരുന്നു. ടിക്കറ്റെടുത്ത് കളി കാണാന്‍ വന്നവര്‍ക്ക് ഈ രണ്ട് ഷോട്ട് കണ്ടാല്‍ മാത്രം പൈസ വസൂലായെന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.

12ാം ഓവറിലെ അഞ്ചാം പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ മറ്റൊരു സിക്‌സറും നേടിയാണ് ഗില്‍ മധ്വാള്‍ വധം പൂര്‍ത്തിയാക്കിയത്.

തൊട്ടടുത്ത ഓവര്‍ പന്തെറിയാനെത്തിയ പിയൂഷ് ചൗളയെയും ഗില്‍ വെറുതെ വിട്ടിരുന്നില്ല. ആദ്യ പന്ത് തന്നെ 106 മീറ്റര്‍ സിക്‌സറിന് പറത്തിയ ഗില്‍, സായ് സുദര്‍ശനൊപ്പം ചേര്‍ന്ന് 20 റണ്‍സാണ് ഓവറില്‍ സ്വന്തമാക്കിയത്.

അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ ടൈറ്റന്‍സ് 147 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 48 പന്തില്‍ നിന്നും 99 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും 20 പന്തില്‍ നിന്നും 27 റണ്‍സടിച്ച സായ് സുദര്‍ശനുമാണ് ക്രീസില്‍.

Content Highlight: Shubman Gill’s brilliant knock against Akash Madhwal

We use cookies to give you the best possible experience. Learn more