| Wednesday, 14th December 2022, 1:26 pm

രോഹിത്തിന് പകരമെത്തി, നാണക്കേടിന്റെ റെക്കോഡുമായി മടങ്ങി; തലകുനിച്ച് ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ചാറ്റോഗ്രാമില്‍ ആരംഭിച്ചിരിക്കുകയാണ്. ഏകദിന പരമ്പരയില്‍ വഴങ്ങിയ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മറികടക്കാന്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്.

ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. എന്നാല്‍ നായകന്‍ കെ.എല്‍. രാഹുലിന്റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു ആദ്യ 20 ഓവറിനുള്ളില്‍ കണ്ടത്.

സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ രണ്ട് ഓപ്പണര്‍മാരെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ഇന്ത്യക്ക് നഷ്ടമായിരുന്നു.

54 പന്തില്‍ നിന്നും 22 റണ്‍സ് നേടിയ രാഹുലിനെയും 40 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ ഗില്ലിന്റെയും ഒറ്റ റണ്‍സ് നേടിയ വിരാടിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്.

രോഹിത് ശര്‍മക്ക് പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ശുഭ്മന്‍ ഗില്ലിന് ഏകദിനത്തിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

ഈ മത്സരത്തിലെ ബാറ്റിങ്ങിന് പിന്നാലെ ഒരു മോശം റെക്കോഡാണ് ഗില്ലിനെ തേടിയെത്തിയിരിക്കുന്നത്. 2008ന് ശേഷം ടെസ്റ്റില്‍ ഏറ്റവും മോശം ആവറേജുള്ള രണ്ടാമത് ഓപ്പണര്‍ എന്ന അനാവശ്യ റെക്കോഡാണ് ഗില്‍ ഈ മത്സരത്തില്‍ നിന്നും സ്വന്തമാക്കിയത്.

ഇന്ത്യക്കായി 12 ടെസ്റ്റ് മത്സരം കളിച്ച ഗില്‍ 29.95 ശരാശരിയില്‍ 599 റണ്‍സാണ് നേടിയത്. ചുരുങ്ങിയത് 12 ഇന്നിങ്‌സ് കളിച്ച ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ രണ്ടാമത്തെ ഏറ്റവും മോശം ശരാശരിയാണിത്.

ഏഴ് ടെസ്റ്റ് മത്സരം കളിച്ച അഭിനവ് മുകുന്ദ് മാത്രമാണ് ഗില്ലിന് മുമ്പിലുള്ളത്. 2017ല്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച മുകുന്ദിന്റെ ആവറേജ് 22.86 ആണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് പട്ടികയിലെ മൂന്നാമന്‍.

2002ന് ശേഷം ഒരു ഓപ്പണറുടെ ഏറ്റവും മോശം ടെസ്റ്റ് ആവറേജ് (മിനിമം 12 ഇന്നിങ്‌സ്)

അഭിനവ് മുകുന്ദ് – 22.86

ശുഭ്മന്‍ ഗില്‍ – 29.05

കെ.എല്‍. രാഹുല്‍ – 37.53

അതേസമയം, ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. 45 പന്തില്‍ നിന്നും 46 റണ്‍സ് നേടിയ റിഷബ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

നിലവില്‍ 45 ഓവര്‍ പിന്നിടുമ്പോള്‍ 149ന് നാല് എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യരും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content Highlight: Shubman Gill registers a worst record in test cricket

We use cookies to give you the best possible experience. Learn more