മിന്നും പ്രകടനമാണ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി പുറത്തെടുത്തത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തില്‍ ഓപ്പണര്‍മാര്‍ പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷനാണ് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്.
നാല് ബൗണ്ടറിയും ഏഴ് സിക്സറുമായിരുന്നു താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. 93 റണ്‍സിനാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ വിജയത്തില്‍ താന്‍ സന്തുഷ്ടനായിരുന്നു എന്നാണ് കിഷന്‍ പറഞ്ഞത്.
സമാനമായ രീതിയില്‍ തന്നെയായിരുന്നു ടീമിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ബാറ്ററുടെ ഇന്നിങ്ങ്‌സിനോട് പ്രതികരിച്ചത്. സെഞ്ച്വറി നേടിയില്ലെങ്കിലും താരത്തിന്റെ പ്രകടനം ഏറെ മികച്ചുനിന്നുവെന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അല്‍പം വ്യത്യസ്തമായിരുന്നു താരത്തിന്റെ അഭിനന്ദന പ്രകടനം.
വിക്രം വേദ സിനിമയിലെ വേദ എന്ന കഥാപാത്രവും അനിയനും തമ്മിലുള്ള രംഗം ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ഗില്‍ ഇഷാനെ അഭിനന്ദിച്ചത്. ഇതിന്റെ വീഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘വെല്‍ പ്ലെയ്ഡ് മൈ ശതക്’ എന്ന വിക്രം വേദയിലെ ഡയലോഗും ഇതിനൊപ്പം ഗില്‍ ചേര്‍ത്തിട്ടുണ്ട്.
ഹൃത്വിക് റോഷന്‍ വേദയായി എത്തിയപ്പോള്‍ രോഹിത് സറഫായിരുന്നു ചിത്രത്തില്‍ ശതക് എന്ന അനിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗില്ലിന്റെ വീഡിയോക്ക് താഴെ കമന്റുമായി ഹൃത്വിക് റോഷനും രോഹിതും പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഇമോജികളുമായി എത്തി.
വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി ആരാധകരും അണി നിരന്നിട്ടുണ്ട്. ക്രിക്കറ്റ് ആരാധകരും സിനിമാപ്രേമികളും ഒന്നിച്ചെത്തിയാണ് ഇപ്പോള്‍ കമന്റ് ബോക്‌സ് ആഘോഷമാക്കുന്നത്.
അതേസമയം തന്റെ ഇന്നിങ്‌സിലെ സ്‌ട്രൈക്ക് റൊട്ടേഷനെ കുറിച്ചുയര്‍ന്ന ചോദ്യത്തോടുള്ള ഇഷാന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
താരത്തിന്റെ പവര്‍ പാക്ഡ് ഹാര്‍ഡ് ഹിറ്റിങ്ങ് പ്രകടനത്തിന് ശേഷം സ്ട്രൈക്ക് റൊട്ടേഷനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ സിക്സറടിച്ച് ആക്രമിച്ച് കളിക്കാനാണ് തനിക്കിഷ്ടമെന്നും സ്ട്രൈക്ക് റൊട്ടേഷനില്‍ താത്പര്യമില്ലെന്നുമായിരുന്നു ഇഷാന്‍ കിഷന്റെ മറുപടി.
‘സിക്സറടിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അത് ഞാന്‍ ചെയ്യുന്നത് പോലെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല.
സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് ചില താരങ്ങളുടെ സ്ട്രെങ്ത്. എന്നാല്‍ എന്റേത് വമ്പനടികള്‍ തന്നെയാണ്. ഞാനത് ഒരു പ്രശ്നവും കൂടാതെ ചെയ്യുന്നുണ്ടെങ്കില്‍ പിന്നെന്തിന് സ്ട്രൈക്ക് കൈമാറണം?,’ ഇഷാന്‍ കിഷന്‍ ചോദിക്കുന്നു.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് മികച്ചതാണെന്നും അദ്ദേഹം പറയുന്നു.
‘ചില സമയങ്ങളില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഞാന്‍ അതിനായി പ്രാക്ടീസ് ചെയ്യുകയാണ്. ഞാന്‍ സെഞ്ച്വറിക്ക് കേവലം ഏഴ് റണ്‍സ് മാത്രം അകലെയായിരുന്നു. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് തന്നെയാണ് ഞാന്‍ കളിച്ചത്,’ ഇഷാന്‍ കിഷന്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ തന്നെയാവും ഇഷാന്‍ കിഷന്‍ ഒരുങ്ങുന്നത്.
Content Highlight: Shubman Gill praises Ishan Kishan in Vikram Vedha’s style; Hrithik Roshan reacts; Video