രണ്ടുവര്‍ഷം നീണ്ടുനിന്ന പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഐ.സി.സി റാങ്കിങ് ആധിപത്യം ഇന്ത്യന്‍ ബാറ്റര്‍ ശുഭമന്‍ ഗില്‍ അവസാനിപ്പിച്ചു. പുതിയ ഒന്നാം നമ്പര്‍ ബാറ്റര്‍ ആയിട്ടാണ് ഗില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഏകദിന ഫോര്‍മാറ്റില്‍ മികച്ച ഒന്നാം നമ്പര്‍ ബൗളര്‍ സ്ഥാനം മുഹമ്മദ് സിറാജും തിരിച്ചുപിടിച്ചു. ഓസ്‌ട്രേലിയയുടെ ജോഷ് ഹേയ്‌സല്‍വുഡിനെ പിന്തള്ളിയാണ് മുഹമ്മദ് സിറാജ് 709 റേറ്റിങ്ങ് പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഈ വര്‍ഷം ഗില്‍ ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളുമടക്കം 1449 റണ്‍സാണ് നേടിയത്. ഡെങ്കിപ്പനി ബാധിച്ച് 2023ലെ രണ്ട് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമായതിനു ശേഷം ഗില്‍ മിന്നും ഫോമിലേക്ക് മടങ്ങിയെത്താന്‍ ഒുീങ്ങുകയാണ്. വാംഖഡെയില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വലം കയ്യന്‍ ബാറ്റര്‍ ഗില്‍ 92 റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടാണ് മടങ്ങിയത്. ലോകകപ്പില്‍ ഇതുവരെ ആറു മത്സരങ്ങളില്‍ നിന്നും 36.50 ശരാശരിയില്‍ 219 റണ്‍സ് ആണ് യങ് സ്റ്റാര്‍ ബാറ്റര്‍ നേടിയത്.
നിലവില്‍ ഐ.സി.സിയുടെ കണക്ക് അനുസരിച്ച് 830 റേറ്റിംഗ് പോയിന്റുകളാണ് ഗില്‍ നേടിയത്. ബാബറിന് 824 പോയിന്റുകളാണ് ഉള്ളത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിലും കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും ബാബര്‍ 282 റണ്‍സ് നേടി. നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരാട് കോഹ്‌ലി എം.എസ് ധോണി എന്നിവര്‍ മാത്രമാണ് ഏകദിനത്തില്‍ ഒന്നാം റാങ്കില്‍ എത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇതാദ്യമായാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ലോകകപ്പിലെ 10 വിക്കറ്റിന്റെ പിന്‍ബലത്തിലാണ് മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്.
സിറാജിന് പുറകിലായി പട്ടികയില്‍ കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഉണ്ട്.
ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ കാരണം ബാറ്റിങ്ങിലും ബൗളിങ്ങിലും ഐ.സി.സി റാങ്കിങ് ലിസ്റ്റിലെ ആദ്യ 10 പേരുടെ കാര്യത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായത്.
കോഹ്‌ലിയും രോഹിത് ശര്‍മയും മികച്ച പ്രകടനം നടത്തി പട്ടികയില്‍ ഇടം നേടിയെങ്കിലും ഒന്നാം സ്ഥാനം ഗില്‍ സ്വന്തമാക്കുകയായിരുന്നു.
Content Highlight: Shubman Gill Overtook Babar Azam In The ICC Ranking