Sports News
ഒറ്റ ഹേറ്റേഴ്‌സ് പോലുമില്ലാത്ത ഇതിഹാസത്തെയും വീഴ്ത്തും! ചരിത്രം കണ്‍മുമ്പില്‍ കണ്ട് ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 08, 02:32 am
Saturday, 8th February 2025, 8:02 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം 68 പന്ത് ബാക്കി നില്‍ക്കവെയാണ് ഇന്ത്യ മറികടന്നത്. ശുഭ്മന്‍ ഗില്‍ (96 പന്തില്‍ 87), ശ്രേയസ് അയ്യര്‍ (36 പന്തില്‍ 59), അക്‌സര്‍ പട്ടേല്‍ (47 പന്തില്‍ 52) എന്നിവരാണ് ഇന്ത്യക്കായി റണ്ണടിച്ചുകൂട്ടിയത്.

ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്ക് ഒരു ചുവടുകൂടി വെച്ചിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. 2500 ഏകദിന റണ്‍സ് എന്ന കരിയറിലെ സുപ്രധാന നേട്ടത്തിലേക്കാണ് ഗില്‍ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. വെറും 85 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് ഈ നേട്ടത്തിലെത്താം.

48 ഇന്നിങ്‌സില്‍ നിന്നും 58.90 ശരാശരിയില്‍ 2,415 റണ്‍സാണ് നിലവില്‍ ഗില്ലിന്റെ പേരിലുള്ളത്. 208 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്ള താരം ആറ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

2,500 ഏകദിന റണ്‍സ് എന്ന ലക്ഷ്യം മാത്രമല്ല, അടുത്ത ഏകദിനത്തില്‍ 85 റണ്‍സ് സ്വന്തമാക്കിയാല്‍ ഒരു ചരിത്ര നേട്ടവും ഗില്ലിന് സ്വന്തമാക്കാനാകും. 50ല്‍ കുറവ് മത്സരം കളിച്ച് 2500 റണ്‍സ് മാര്‍ക് പിന്നിടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് ഗില്‍ കണ്ണുവെക്കുന്നത്.

 

ഇതിനൊപ്പം ഏറ്റവും വേഗത്തില്‍ 2,500 റണ്‍സ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലും ഗില്ലിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഹാഷിം അംലയുടെ പേരിലാണ് നിലവില്‍ ഈ ചരിത്ര നേട്ടമുള്ളത്. തന്റെ 53ാം മത്സരത്തിലാണ് അംല 2,500 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.

ഹാഷിം അംല

അതേസമയം, ആദ്യ മത്സരത്തിലെ ഗില്ലിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ ഹാപ്പിയാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും സെഞ്ച്വറിയേക്കാള്‍ ആവേശം താരത്തിന്റെ ഇന്നിങ്‌സ് സമ്മാനിച്ചിട്ടുണ്ട്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കമുള്ള മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ബി.ജി.ടിയില്‍ കളിച്ച അഞ്ച് ഇന്നിങ്‌സില്‍ 18.60 ശരാശരിയില്‍ 93 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഉയര്‍ന്ന സ്‌കോറാകട്ടെ 31ഉം!

എന്നാല്‍ മോശം അവസ്ഥയില്‍ നിന്നും ഫോം വീണ്ടെടുത്ത താരം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിയിലെ താരമായാണ് തിളങ്ങിയത്. ഗില്‍ ഇതേ ഫോമില്‍ ബാറ്റ് വീശിയാല്‍ പരമ്പരയിലും വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യക്ക് അത് ഏറെ ഗുണം ചെയ്യും.

ഞായറാഴ്ചയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ഏകദിനം. ഒഡീഷയിലെ ബരാബതി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Shubman Gill need to score 85 runs in the 2nd ODI against England to become the 1st batter to complete 2500 ODI runs in less than 50 innings