| Friday, 19th August 2022, 11:04 am

ഒരു റണ്ണെടുത്തിരുന്നെങ്കില്‍ സച്ചിനൊപ്പം എത്തിയേനെ !

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ടോസ് നേടി സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു ഇന്ത്യ.

41ാം ഓവറില്‍ വെറും 189 റണ്‍സില്‍ സിംബാബ്‌വെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനിറിങ്ങിയ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ വെറ്ററന്‍ താരം ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 പന്ത് നേരിട്ട് 82 റണ്‍സുമായി അറ്റാക്ക് ചെയ്താണ് ഗില്‍ കളിച്ചതെങ്കില്‍ ധവാന്‍ സേഫ് ഗെയിമായിരുന്നു കളിച്ചത്.

യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങായിരുന്നു മത്സരത്തിലെ പ്രധാന ഹൈലൈറ്റ്. മറുവശത്ത് ധവാനെ കാഴ്ചക്കാരനാക്കി വളരെ അനായാസമായിരുന്നു ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചത്.

കളിക്കളത്തില്‍ ഒരു സീനിയര്‍ താരത്തിന്റെ പക്വത കാണിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തന്റെ സ്വതസിദ്ധശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഗില്‍ ടീമില്‍ മികച്ച ഇംപാക്റ്റാണ് ഉണ്ടാക്കുന്നത്.

ഓപ്പണറായി ഇറങ്ങി ആദ്യ അഞ്ച് മത്സരത്തില്‍ ഏറ്റവും കൂടതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് ശുഭ്മാന്‍ ഗില്‍. ഏഴ് മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ ഗില്‍ അഞ്ച് തവണയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

ഈ അഞ്ച് ഇന്നിങ്‌സില്‍ നിന്നുമായി 320 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്. ഓപ്പണിങ് ഇറങ്ങി ആദ്യ അഞ്ച് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ഗില്ലിനേക്കാള്‍ ഒരു റണ്‍സ് മാത്രമാണ് സച്ചിന് കൂടുതലുള്ളത്. 321 റണ്‍സാണ് സച്ചിന്‍ ആദ്യ അഞ്ച് മത്സരത്തില്‍ സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനത്തുള്ള കൃഷ്ണാമാചാരി ശ്രീകാന്ത് 261 റണ്‍സാണ് നേടിയത്. അവസാനം കളിച്ച നാല് ഏകദിനത്തില്‍ നിന്നും 143 എന്ന വലിയ ശരാശരിയില്‍ 287 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. 105ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഈ നാല് ഇന്നിങ്സില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികളും ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലാണ് ഗില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയത്. വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് നടന്ന പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ ഗില്ലായിരുന്നു മാന്‍ ഓഫ് ദി സീരീസും.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 67 റണ്‍സ് നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ 43 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം മത്സരത്തിലായിരുിന്നു ഗില്ലിന്റെ ക്ലാസ് മൊത്തത്തില്‍ പുറത്തുവന്നത്. പുറത്താകാതെ 98 റണ്‍സായിരുന്നു അദ്ദേഹം ആ മത്സരത്തില്‍ അടിച്ചെടുത്തത്. ഒരുപക്ഷെ മഴ ചതിച്ചില്ലായിരുന്നുവെങ്കില്‍ താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിക്ക് ക്രിക്കറ്റ് ലോകം സാക്ഷിയാകുമായിരുന്നു.

ഈ പ്രകടനങ്ങളെല്ലാം വിദേശ മണ്ണില്‍ വെച്ചാണെന്നുള്ളത് ഇതിന്റെ പ്രത്യേകത കൂട്ടുന്നു.
തീര്‍ച്ചയായും മികച്ച സാങ്കേതിക തികവുള്ള ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത രാജകുമാരനാണ് എന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. കെ.എല്‍. രാഹുലിനെ പോലെ ടോപ് ഓര്‍ഡറിലെ വ്യത്യസ്ത പൊസിഷനില്‍ അദ്ദേഹത്തെ ഇറക്കാന്‍ സാധിക്കുമെന്നത് ഗില്ലിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.

ഇപ്പോഴിതാ സിംബാബ്‌വെ പരമ്പരയിലെ ആദ്യ മത്സരത്തിലും മികച്ച പ്രകടനം. അവസാനം കളിച്ച നാല് ഏകദിനത്തില്‍ നിന്നും 143 എന്ന വലിയ ശരാശരിയില്‍ 287 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. 105ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഈ നാല് ഇന്നിങ്സില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികളും ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഒരുപക്ഷെ വിരാട് കോഹ്‌ലിയുടെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പര്‍ ബാറ്ററായിരിക്കും ശുഭ്മാന്‍ ഗില്‍ എന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിശ്വസിക്കുന്നത്.

Content Highlight: Shubman Gill just short of Sachin Tendlkars score after five game as an opener

We use cookies to give you the best possible experience. Learn more