അടിച്ചത് കിങ്ങോ ഹിറ്റ്മാനോ അല്ല പ്രിന്‍സ്, ഇന്ത്യയുടെ പ്രിന്‍സ്! ഇങ്ങനൊരു റെക്കോഡ് ഷഹീനെതിരെ ആദ്യമായി
Asia Cup
അടിച്ചത് കിങ്ങോ ഹിറ്റ്മാനോ അല്ല പ്രിന്‍സ്, ഇന്ത്യയുടെ പ്രിന്‍സ്! ഇങ്ങനൊരു റെക്കോഡ് ഷഹീനെതിരെ ആദ്യമായി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th September 2023, 8:26 pm

 

ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം മഴ കാരണം മുടങ്ങി. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ ഇന്ന് നടന്നതിന്റെ ബാക്കിയായി നാളെ മത്സരം നടക്കും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ സ്‌കോര്‍ 24.1 ഓവറില്‍ 147/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്.

മികച്ച തുടക്കമാണ് ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മയും യുവ സൂപ്പര്‍താരം ശുഭ്മന്‍ ഗില്ലും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.

49 പന്തില്‍ ആറ് ഫോറും നാല് സിക്‌സറുമടിച്ച് 56 റണ്‍സാണ് രോഹിത് നേടിയത്. ആദ്യ സ്‌പെല്ലില്‍ നസീം ഷാക്കെതിരെ ഒന്ന് പതറിയെങ്കിലും പിന്നീട് രോഹിത് കത്തികയറുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗില്‍ 52 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. 10 ഫോറാണ് ഗില്ലിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. പാക് പേസ് കുന്തമുനയായ ഷഹീന്‍ അഫ്രിദിയെ താരം കണക്കിന് പ്രഹരിച്ചിരുന്നു.

പാകിസ്ഥാനെതിരെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഗില്ലിന്റെ മികച്ച തിരിച്ചുവരവാണ് സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ നേപ്പാളിനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ ബാക്കിയായിരുന്നു ഇന്നത്തെ ഇന്നിങ്‌സ്.

58 റണ്‍സ് നേടിയതോടൊപ്പം പുതിയ ഒരു റെക്കോഡും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഷഹീന്‍ അഫ്രിദിക്കെതിരെ ആറ് ഫോറുകളാണ് താരം നേടിയത്. താരം ഗില്ലിനെതിരെ എറിഞ്ഞ ആദ്യ 12 പന്തില്‍ തന്നെ ആറെണ്ണം ഫോറാക്കാന്‍ ഗില്ലിന് സാധിച്ചു. ഗില്ലിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ഷഹീനെയാണ് ആദ്യ സ്‌പെല്ലില്‍ കണ്ടത്.

ആറ് ഫോറുകള്‍ നേടിയതോടെ ഏകദിനത്തില്‍ ഷഹീനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഗില്‍. ഒടുവില്‍ 18ാം ഓവറില്‍ ഷഹീനിന്റെ സ്ലോ ബോളില്‍ പുറത്തായെങ്കിലും ആദ്യ സ്‌പെല്ലില്‍ പാക് എക്‌സപ്രസിനെ ചുരുട്ടിക്കൂട്ടാന്‍ ഇന്ത്യന്‍ പ്രിന്‍സിന് സാധിച്ചിട്ടുണ്ട്.

പാകിസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ 30 പന്ത് നേരിട്ട് വെറും 10 റണ്‍സ് മാത്രമായിരുന്നു ഗില്‍ നേടിയത്. ആ ഗില്ലിന്റെ മികച്ച തിരിച്ചുവരവിനാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്.

 

content Highlight: Shubman Gill Hits Six Fours against Shaheen Afridi