| Sunday, 18th February 2024, 8:23 pm

ഇന്ത്യയുടെ ചരിത്ര വിജയങ്ങളിലെല്ലാം അത് സംഭവിച്ചു; അവനാണ് ഇന്ത്യയുടെ ഭാഗ്യനക്ഷത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ഇംഗ്ലണ്ടിനെ 434 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇപ്പോള്‍ മറ്റൊരു രസകരമായ കണക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും വലിയ വിജയങ്ങള്‍ നേടിയ മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 90+ റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്രവിജയം ഇന്ത്യ നേടുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 151 പന്തില്‍ 91 റണ്‍സ് നേടി ആയിരുന്നു ഗില്ലിന്റെ മികച്ച പ്രകടനം. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഗില്‍ നേടിയത്.

2023ലായിരുന്നു ഇന്ത്യ ഏകദിനത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഈ മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 97 പന്തില്‍ 116 റണ്‍സ് നേടി കൊണ്ടായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 13 ഫോറുകളും എട്ട് സിക്‌സുകളുമാണ് ഗില്‍ നേടിയത്.

ടി-20യില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. കിവീസിനെതിരെ 168 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആ മത്സരത്തില്‍ 63 പന്തില്‍ പുറത്താവാതെ 126 റണ്‍സ് നേടികൊണ്ടായിരുന്നു ഗില്ലിന്റെ മികച്ച പ്രകടനം. 12 ഫോറുകളും ഏഴ് സിക്‌സുകളുമാണ് ഗില്‍ നേടിയത്.

അതേസമയം വിജയത്തോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുന്നിലാണ് രോഹിത് ശര്‍മയും കൂട്ടരും.

ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Shubman Gill has scored above 90+ runs in all of India’s big wins across all three formats

We use cookies to give you the best possible experience. Learn more