എന്നാലും ഗില്ലേ... ഒറ്റ റണ്‍ കൂടി എടുക്കാമായിരുന്നില്ലേ? ശുഭ്മന്‍ ഗില്ലിനോട് തോല്‍ക്കാതെ രക്ഷപ്പെട്ട് ബാബര്‍
Sports News
എന്നാലും ഗില്ലേ... ഒറ്റ റണ്‍ കൂടി എടുക്കാമായിരുന്നില്ലേ? ശുഭ്മന്‍ ഗില്ലിനോട് തോല്‍ക്കാതെ രക്ഷപ്പെട്ട് ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th January 2023, 4:46 pm

ഏകദിനത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്ററായി ഇന്ത്യയുടെ യുവതാരം ശുഭ്മന്‍ ഗില്‍ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിരിക്കുകയാണ്. കരിയറിലെ നാലാം സെഞ്ച്വറിയടിച്ച ഗില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലാണ് ഗില്‍ വീണ്ടും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 78 പന്തില്‍ നിന്നും 13 ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 112 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഒരു ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ഗില്‍ കൈപ്പിടിയലൊതുക്കിയത്. പാക് നായകന്‍ ബാബര്‍ അസമിനൊപ്പമാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

360 റണ്‍സാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഗില്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ 208 റണ്ണടിച്ച ഗില്‍ രണ്ടാം മത്സരത്തില്‍ പുറത്താവാതെ 40 റണ്‍സ് നേടിയിരുന്നു.

ഇന്‍ഡോറില്‍ വെച്ച് നടന്ന മൂന്നാം ഏകദിനത്തില്‍ 112 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഗില്‍ ബാബര്‍ അസമിന്റെ റെക്കോഡിനൊപ്പമെത്തിയത്. 113 റണ്‍സ് നേടിയാല്‍ ബാബറിനെ മറികടക്കാമെന്നിരിക്കെ 112ല്‍ ഗില്‍ പുറത്താവുകയായിരുന്നു.

 

ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 350+ റണ്‍സ് തികയ്ക്കുന്ന രണ്ടാമത് മാത്രം ബാറ്ററാവാനും ഗില്ലിന് സാധിച്ചു.

2016ല്‍ ബാബര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് 360 റണ്ണടിച്ചത്.

349 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ ഇംറുല്‍ കയേസാണ് പട്ടികയിലെ രണ്ടാമന്‍. 342 റണ്‍സുമായി സൗത്ത് ആഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കും 330 റണ്‍സ് നേടി മാര്‍ട്ടിന്‍ ഗപ്ടില്ലുമാണ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍.

അതേസമയം, മൂന്നാം മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ്. 42 ഓവര്‍ പിന്നിടുമ്പോള്‍ 312 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

ഗില്ലിന് പുറമെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സെഞ്ച്വറി നേടിയിരുന്നു. 85 പന്തില്‍ നിന്നും 101 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്.

പര്യടനത്തിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം മത്സരവും ജയിക്കുകയാണെങ്കില്‍ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യക്കാവും.

 

Content Highlight: Shubman Gill equals Babar Azam’s world record