| Friday, 26th May 2023, 10:11 pm

99 റണ്‍സിനിപ്പുറമായിപ്പോയി ആ പ്രായശ്ചിത്തം; ക്യാച്ചസ് വില്‍ വിന്‍ മാച്ചസ് എന്നത് അന്വര്‍ത്ഥമാക്കുന്ന നിമിഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ മൂന്നാം സെഞ്ച്വറിയില്‍ തിളങ്ങി ശുഭ്മന്‍ ഗില്‍. മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം ക്വാളിഫയര്‍ മത്സരത്തിലാണ് ഗില്‍ റണ്ണടിച്ചുകൂട്ടിയത്. 60 പന്തില്‍ നിന്നും 129 റണ്‍സാണ് താരം നേടിയത്.

ഏഴ് ബൗണ്ടറിയും പത്ത് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 215.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം വെടിക്കെട്ട് നടത്തിയത്.

സീസണില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ രണ്ടാം സെഞ്ച്വറി അക്ഷരാര്‍ത്ഥത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ളതായിരുന്നു.

ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലേക്കുള്ള വഴി തുറന്നത്. മുംബൈ ഇന്ത്യന്‍സ് മെന്ററായ സച്ചിന്‍ താരത്തെ അഭിനന്ദിച്ചതും തങ്ങള്‍ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിന് അഭിനന്ദനം എന്ന തരത്തിലായിരുന്നു.

എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം ഗില്ലിന്റെ ബാറ്റില്‍ നിന്നും മറ്റൊരു സെഞ്ച്വറി കൂടി പിറന്നപ്പോള്‍ അത് മുംബൈ ഇന്ത്യന്‍സിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് മേല്‍ കൂടിയാണ് കരിനിഴല്‍ വീഴ്ത്തിയത്.

എന്നാല്‍ ഗില്ലിനെ തുടക്കത്തിലേ മടക്കാനുള്ള അവസരം മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നു. വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കവെയായിരുന്നു ഗില്ലിനെ പുറത്താക്കാനുള്ള അവസരം മുംബൈ നഷ്ടപ്പെടുത്തിയത്.

ക്രിസ് ജോര്‍ദന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ പോയിരുന്നു. ലൈഫ് ലഭിച്ച ഗില്‍ തകര്‍ത്തടിച്ചപ്പോള്‍ മുംബൈ ക്യാമ്പ് നിശബ്ദമായി.

ഒടുവില്‍ സ്‌കോര്‍ 129ല്‍ നില്‍ക്കവെ മധ്വാളിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഈ വെടിക്കെട്ടിന് ശേഷം ഓറഞ്ച് ക്യാപ് സ്വന്തമാക്കാനും ഗില്ലിനായി.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് നേടിയത്. ഗില്ലിന് പുറമെ 41 റണ്‍സ് നേടിയ സായ് സുദര്‍ശനും 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് ടൈറ്റന്‍സ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

Content Highlight: Shubman Gill dropped by Tim David at 30

We use cookies to give you the best possible experience. Learn more