| Monday, 19th February 2024, 10:10 pm

90ൽ വീണിട്ടും റെക്കോഡോ? ചരിത്രത്തിൽ നാലാമനായി ഗിൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലെ 434 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ടാണ് രോഹിത്തും അംഗവും കൂറ്റന്‍ വിജയം സ്വന്തം പേരിലാക്കിയത്.

മത്സരത്തില്‍ 557 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 151 പന്തില്‍ 91 റണ്‍സ് നേടികൊണ്ടായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

എന്നാല്‍ ഒമ്പത് റണ്‍സകലെ ഗില്ലിന് സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. മത്സരത്തില്‍ 64 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 246 നില്‍ക്കുകയാണ് ഗില്‍ പുറത്തായത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ത്രൊയിലൂടെ ഇന്ത്യന്‍ താരം റണ്‍ ഔട്ട് ആവുകയായിരുന്നു.

ഇതിനു പിന്നാലെ ഒരു നേട്ടവും ഗില്‍ സ്വന്തം പേരിലാക്കിമാറ്റി. 24ാം വയസില്‍ ഏറ്റവും കൂടുതല്‍ തവണ 90 റണ്‍സില്‍ പുറത്താകുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഗില്‍. മൂന്ന് തവണയാണ് ഗില്‍ 90 റണ്‍സില്‍ പുറത്തായത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും മുന്‍ ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് 90 റണ്‍സില്‍ പുറത്തായ താരങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. മൂവരും അഞ്ച് തവണയാണ് 90 റണ്‍സില്‍ പുറത്തായത്.

ഗില്ലിന് പുറമെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ യശ്വസി ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ജയത്തോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് നാലാം ടെസ്റ്റ് നടക്കുക. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Shubman Gill create unwanted record

Latest Stories

We use cookies to give you the best possible experience. Learn more