| Wednesday, 18th January 2023, 6:50 pm

6, 6, 6, 200; ഇവന്‍ സേവാഗിന്റെ ബാക്കി തന്നെ, ക്ലാസ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ വെടിക്കെട്ട് പ്രകടനത്തിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റന്‍നാഷണല്‍ സ്റ്റേഡിയം സാക്ഷിയായത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായിക്കൊണ്ട് റെക്കോഡ് നേട്ടവുമായാണ് ഗില്‍ പ്രകടനം റോയലാക്കിയത്.

അക്ഷരാര്‍ത്ഥത്തില്‍ സ്‌റ്റേഡിയത്തെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേട്ടത്തോടെ തുടങ്ങിയ ഗില്‍ 106ാം റണ്‍സില്‍ ഏകദിനത്തിലെ 1000 റണ്‍സ് മാര്‍ക്കും മറികടന്നിരുന്നു. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇതിനൊപ്പം ഗില്‍ സ്വന്തമാക്കിയിരുന്നു.

തന്റെ 19ാമത് മാത്രം ഇന്നിങ്‌സില്‍ നിന്നുമാണ് ഗില്‍ 1000 റണ്‍സ് തികച്ചത്. 24 ഇന്നിങ്‌സില്‍ നിന്നും 1000 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെയും ശിഖര്‍ ധവാന്റെയും ജോയിന്റ് റെക്കോഡ് മറികടന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

തുടര്‍ന്ന് ഗില്‍ 150 റണ്ണടച്ചപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം ആര്‍ത്തിരമ്പിയിരുന്നു.

തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളടിച്ചുകൊണ്ടായിരുന്നു ഗില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 182ല്‍ നില്‍ക്കവെ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളാണ് ഗില്‍ പറത്തിയത്.

വ്യക്തിഗത നേട്ടത്തിനേക്കാള്‍ റണ്‍സ് ഉയര്‍ത്താന്‍ മാത്രം ശ്രമിച്ച ഗില്ലിന്റെ ഈ പ്രവര്‍ത്തിക്കും കയ്യടികളുയരുന്നുണ്ട്. 94ല്‍ നിന്നും സിക്‌സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന സേവാഗിന്റെ പിന്‍മുറക്കാരനാണ് ഗില്‍ എന്ന് പറയുന്നവരും കുറവല്ല.

അതേസമയം, ഗില്ലിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് സ്വന്തമാക്കിയിരുന്നു.

149 പന്തില്‍ നിന്നും 208 റണ്‍സാണ് ഗില്‍ ഇന്ത്യന്‍ ടോട്ടലിലേക്ക് സംഭാവന ചെയ്തത്. 19 ബൗണ്ടറിയും ഒമ്പത് സിക്സറുമായിരുന്നു ഗില്ലിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഹെന്റി ഷിപ്‌ലിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.

Content Highlight: Shubman Gill completes double century with 3 consecutive sixes

We use cookies to give you the best possible experience. Learn more