ബോർഡർ-ഗവാസ്ക്കർ പരമ്പരയിലെ അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. പരമ്പരയിലെ നിർണായകമായ മത്സരം മൂന്നാം ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 289 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
ആദ്യ ഇന്നിങ്‌സിൽ ഉസ്മാൻ ഖവാജയുടെയും കാമറൂൺ ഗ്രീനിന്റെയും സെഞ്ച്വറികളുടെ മികവിൽ 480 റൺസിന് പുറത്തായ ഓസീസ് ടീമിനെതിരെയാണ് ഇന്ത്യ 289 റൺസ് എടുത്ത് നിൽക്കുന്നത്.
128 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 59 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്ലിയും ഇന്ത്യൻ ബാറ്റിങ് നിരക്ക് കരുത്ത് പകർന്നത്.
എന്നാലിപ്പോൾ ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വെച്ച ഗില്ലിന് വൻ അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ ആശംസകൾക്ക് പിന്നാലെ ലോക ക്രിക്കറ്റിലെ അതികായൻമാരും താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
ഗിൽ അദ്ദേഹത്തിന്റെ കരിയറിന്റെ ശരിയായ പാതയിലാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്ക്കർ അഭിപ്രായപ്പെട്ടത്.
“ഗില്ലിന് ഇനിയും ഒരുപാട് സമയമുണ്ട്. സ്റ്റാർക്കിനെതിരെ അവൻ കളിച്ച രീതിയൊക്കെ വളരെ പ്രശംസനീയമാണ്. അറ്റാക്കും ഡിഫൻസും ഒരു പോലെ കളിക്കാൻ സാധിക്കുന്ന അപൂർവം പ്ലെയേഴ്സിലൊരാളാണ് ശുഭ്മാൻ ഗിൽ.
അത് ടെസ്റ്റ് ക്രിക്കറ്റിന് അത്യന്താപേക്ഷിതമായ ഘടകമാണ്,’ ഗവാസ്ക്കർ പറഞ്ഞു.
“ഗില്ലിന് 23 വയസ് മാത്രമേ ആയിട്ടുള്ളൂ, ഇനിയും ധാരാളം സമയമുണ്ട്. അവന്റെ കരിയർ ഇപ്പോൾ ശരിയായ പാതയിലാണ്. 8000 മുതൽ 10,000 റൺസൊക്കെ അവന് എളുപ്പത്തിൽ സ്കോർ ചെയ്യാവുന്നതേയുള്ളൂ,’ ഗവാസ്ക്കർ കൂട്ടിച്ചേർത്തു.
2023ൽ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഗിൽ, മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്.
അതേസമയം ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ അവസാന മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.