ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 10 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് യുവതാരം ശുഭ്മാന്‍ ഗില്‍. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ ‘സി’യുടെ ക്യാപ്റ്റനായ ഗില്‍, ദേവ്ധര്‍ ട്രോഫിയുടെ ഫൈനലില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായതോടെയാണ് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ന്നത്. 20 വര്‍ഷവും 57 ദിവസവുമാണ് ഗില്ലിന്റെ പ്രായം.
2009-10 സീസണില്‍ 21-ാം വയസ്സിലാണ് കോഹ്‌ലി ദേവ്ധര്‍ ട്രോഫിയില്‍ വടക്കന്‍ മേഖലയെ നയിച്ചത്. ഇതാണ് ഇന്ത്യ ‘ബി’യുമായുള്ള ഇന്നത്തെ മത്സരത്തില്‍ ഗില്‍ തകര്‍ത്തത്. 22 വയസ്സുള്ള ഉന്മുക്ത് ചന്ദ്, 23 വയസ്സ് വീതമുള്ള ശ്രേയസ്സ് അയ്യര്‍, മനോജ് തിവാരി, കപില്‍ ദേവ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
2009-ലെ ഫൈനലില്‍ കോഹ്‌ലി വടക്കന്‍ മേഖലയെ വിജയത്തിലേക്കു നയിച്ചിരുന്നു. പടിഞ്ഞാറന്‍ മേഖലയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഗില്ലിന്റെ ടീം ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അല്‍പ്പം മുന്‍പ് റാഞ്ചിയില്‍ക്കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനാണ് പാര്‍ഥിവ് പട്ടേല്‍ ക്യാപ്റ്റനായ ഇന്ത്യ ‘ബി’ ടീം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബി ടീം ഏഴ് വിക്കറ്റിന് 283 റണ്‍സടിച്ചു. കേദാര്‍ ജാദവ് (86), യശസ്വി ജയ്‌സ്വാള്‍ (54), വിജയ് ശങ്കര്‍ (45) എന്നിവര്‍ തിളങ്ങി.