ഏകദിനത്തില്‍ വീണ്ടും ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യ. 50 ദിവസത്തിനുള്ളില്‍ ഇത് രണ്ടാം ഇരട്ട സെഞ്ച്വറിയാണ് ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടുന്നത്.
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിലൂടെയായിരുന്നു ഇന്ത്യ വീണ്ടും ഇരട്ട സെഞ്ച്വറി നേട്ടം കുറിച്ചത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാണ് ശുഭ്മന്‍ ഗില്‍.
ഏകദിനത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ശുഭ്മന്‍ ഗില്‍ തന്നെയാണ്. 23ാം വയസിലാണ് ഗില്‍ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. തന്റെ കരിയറിലെ 19ാമത് മാത്രം ഇന്നിങ്‌സില്‍ നിന്നുമാണ് താരം ഈ സ്വപ്‌നനേട്ടം സ്വന്തമാക്കിയത്.
ഇഷാന്‍ കിഷന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുമ്പോള്‍ 24 വയസ് മാത്രമായിരുന്നു ഇഷാന്റെ പ്രായം.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പ്രായം കൂടിയ താരവുമെല്ലാം ഇന്ത്യക്കാരാണ്. പ്രായം കുറഞ്ഞ രണ്ടാമത് ബാറ്ററും ഇന്ത്യക്കാരന്‍ തന്നെ.
2010ല്‍ ഏകദിന ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി സച്ചിന്റെ പേരില്‍ കുറിക്കപ്പെടുമ്പോള്‍ 36 വയസായിരുന്നു സച്ചിന്റെ പ്രായം.
അതേസമയം, ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് സ്വന്തമാക്കിയത്.
ഇതേ മത്സരത്തിനിടെ മറ്റൊരു റെക്കോഡും ഗില്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 1000 റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്.