|

ഇങ്ങനെ ഒരു 'ട്രിപ്പിള്‍ സെഞ്ച്വറി' ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യം, ഒപ്പം ബോണസ് സെഞ്ച്വറികളും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഡെഡ് റബ്ബര്‍ മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും വിപരീതമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സ് സ്വന്തമാക്കി. ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഗില്‍ 102 പന്തില്‍ 112 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 64 പന്തില്‍ 78 റണ്‍സും വിരാട് കോഹ്‌ലി 55 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി.

29 പന്തില്‍ 40 റണ്‍സടിച്ച കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

തന്റെ ഭാഗ്യ ഗ്രൗണ്ടായ അഹമ്മദാബദില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്‍ സ്വന്തമാക്കി. ഒരു സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.

2023 മാര്‍ച്ച് ഒമ്പതിനാണ് ഗില്‍ അഹമ്മദാബാദില്‍ തന്റെ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ താരത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയും അത് തന്നെയായിരുന്നു.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഗില്‍ സെഞ്ച്വറി നേടിയത്. 235 പന്ത് നേരിട്ട് 128 റണ്‍സാണ് താരം അന്ന് നേടിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഗില്‍ ഒറ്റ സെഞ്ച്വറി മാത്രമാണ് നേടിയത്. ആ സെഞ്ച്വറി പിറന്നതാകട്ടെ 2023ല്‍ ന്യൂസിലാന്‍ഡിനെതിരെയും. 63 പന്ത് നേരിട്ട താരം പുറത്താകാതെ 126 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യ 168 റണ്‍സിന് വിജയിച്ച മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഗില്ലിനെ തന്നെയായിരുന്നു.

ഇന്ന് ഇംഗ്ലണ്ടിനെതിരെ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ താരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തന്റെ ഓള്‍ ഫോര്‍മാറ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഇതിനൊപ്പം തന്നെ ഇതേ വേദിയില്‍ താരം മൂന്ന് ഐ.പി.എല്‍ സെഞ്ച്വറികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഗില്‍ നേടിയ നാല് സെഞ്ച്വറികളില്‍ മൂന്നിനും സാക്ഷ്യം വഹിച്ചത് ഇതേ സ്റ്റേഡിയമാണ്.

2023ല്‍ സണ്‍റൈസേഴ്‌സിനെതിരെയും അതേ വര്‍ഷം പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും താരം അഹമ്മദാബാദില്‍ സെഞ്ച്വറി നേടിയ ഗില്‍, കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും സ്വന്തം തട്ടകത്തില്‍ നൂറടിച്ചു.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 എന്ന നിലയിലാണ്. 23 പന്തില്‍ 18 റണ്‍സിനുമായി ടോം ബാന്റണും ആറ് പന്തില്‍ ഏഴ് റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.

Content Highlight: Shubman Gill becomes the first Indian batter to score international century in all formats on same venue