ഗില്ലിന് മുന്നില്‍ കീഴടങ്ങി കോഹ്‌ലിയും ധവാനും; ഇതാ ഇന്ത്യയുടെ ഭാവി
Sports News
ഗില്ലിന് മുന്നില്‍ കീഴടങ്ങി കോഹ്‌ലിയും ധവാനും; ഇതാ ഇന്ത്യയുടെ ഭാവി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th January 2023, 4:50 pm

ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ റെക്കോഡുമായി യുവതാരം ശുഭ്മന്‍ ഗില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും ഒന്നിച്ച് കയ്യടക്കി വെച്ച റെക്കോഡാണ് ഗില്ലിന് മുമ്പില്‍ വീണുടഞ്ഞത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. തന്റെ 19ാം ഇന്നിങ്‌സിലായിരുന്നു ഗില്ലിന്റെ സ്വപ്‌ന നേട്ടം.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്താന്‍ 106 റണ്‍സായിരുന്നു ഗില്ലിന് വേണ്ടിയിരുന്നത്. എന്നാല്‍ ആ മാര്‍ക്ക് ഗില്‍ അനായാസം മറികടക്കുകയായിരുന്നു.

24 ഇന്നിങ്‌സുകള്‍ കൊണ്ട് 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ധവാന്റെയും കോഹ്‌ലിയുടെയും റെക്കോഡാണ് ഗില്ലിന് മുമ്പില്‍ വീണുടഞ്ഞത്.

18 ഇന്നിങ്‌സുകള്‍ കളിച്ച് 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഫഖര്‍ സമാന്റെ ലോക റെക്കോഡിനൊപ്പമെത്താന്‍ സാധിച്ചില്ലെങ്കിലും പട്ടികയില്‍ രണ്ടാമനായി സ്ഥാനം പിടിക്കാനും ഗില്ലിന് സാധിച്ചു.

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലാണ് ഗില്‍ സെഞ്ച്വറിയടിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലും ഗില്‍ സെഞ്ച്വറി നേടിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഗില്ലിന്റെ തൊട്ടുമുമ്പത്തെ സെഞ്ച്വറി പിറന്നത്.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ 41 ഓവര്‍ പിന്നിടുമ്പോള്‍ 257 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 60 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

34 റണ്‍സ് നേടിയ രോഹിത് ബ്ലയര്‍ ടിക്‌നറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ കോഹ്‌ലിയും ഇഷാന്‍ കിഷനും പാടെ നിരാശപ്പെടുത്തി.

നിലവില്‍ 116 പന്തില്‍ നിന്നും 138 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്കായി ക്രീസില്‍.

 

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ, ഹെന്‍ റി, നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വാള്‍, മൈക്കല്‍ സാന്റ്നര്‍, ഹെന്റി ഷിപ്‌ലി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലയര്‍ ടിക്നര്‍.

 

 

Content Highlight: Shubman Gill becomes the fastest Indian batter to score 1000 ODI runs