ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്തായി വളരെ പെട്ടെന്ന് തന്നെ സ്വയം അടയാളപ്പെടുത്തിയ താരമാണ് ശുഭ്മന്‍ ഗില്‍. ഓപ്പണിങ്ങില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ എല്ലാ ഫോര്‍മാറ്റിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് 2023 മികച്ച വര്‍ഷമായിരുന്നു. ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയടക്കം പല നേട്ടങ്ങളും ഈ 24കാരന്റെ പേരില്‍ കുറിച്ചിരുന്നു.ഈ വര്‍ഷം ജനുവരി 18ന് ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് ഗില്‍ ഏകദിനത്തിലെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 143 പന്തില്‍ 19 ഫോറും ഒമ്പത് സിക്‌സറും അടക്കം 208 റണ്‍സാണ് താരം നേടിയത്.
ഈ വര്‍ഷം അന്താരാഷ്ട്ര ഏകദിനങ്ങളില്‍ നിന്നുമായി അഞ്ച് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയുമാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്. 63.36 എന്ന ശരാശരിയിലും 105.45 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ഈ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗില്ലിനെ തേടിയെത്തിയിരിക്കുകയാണ്. 25 വയസിന് മുമ്പ് ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയാണ് ഗില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കയ്യടക്കി വെച്ചിരിക്കുന്നത്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം (25 വയസിന് താഴെ)
ഈ കലണ്ടര്‍ ഇയര്‍ അവസാനിക്കാന്‍ ഇനിയും ദിവസങ്ങളും ഇന്ത്യക്ക് മുമ്പില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഉണ്ടെങ്കിലും സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഗില്ലിന് സാധിക്കില്ല. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20, ടെസ്റ്റ് ടീമുകളില്‍ മാത്രമാണ് ഗില്ലിന് സ്ഥാനമുള്ളത്.
എന്നാല്‍ 2023ല്‍ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി തുടരാന്‍ ഗില്ലിനെ രണ്ട് പരമ്പരകളും സഹായിച്ചേക്കും.