| Tuesday, 16th May 2023, 7:32 pm

നാലാം സ്ഥാനത്ത് സഞ്ജു, അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് വിരാട്; പട്ടികയിലെ ഒന്നാമന്‍ ചില്ലറക്കാരനല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തന്റെ ആദ്യ സെഞ്ച്വറി നേട്ടത്തിന്റെ തിളക്കത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റന്‍സ് മാച്ചിലാണ് ഗില്‍ തന്റെ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.

ഈ നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും നേട്ടങ്ങളും ഗില്ലിനെ തേടിയെത്തിയിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ടി-20യിലും ഐ.പി.എല്ലിലും സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരം, ഒറ്റ സിക്‌സര്‍ പോലുമില്ലാതെ വേഗത്തില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന താരം തുടങ്ങിയ റെക്കോഡുകളും ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി 1000 റണ്‍സ് നേടുന്ന ആദ്യ താരം തുടങ്ങി നിരവധി നേട്ടങ്ങളും ഗില്‍ സ്വന്തമാക്കിയിരുന്നു.

സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് ശേഷം ഏകദിനത്തിലും ടെസ്റ്റിലും ടി-20യിലും ഐ.പി.എല്ലിലും നൂറടിച്ച താരാമായാണ് ഗില്‍ മാറിയിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു നേട്ടവും കൂടി ഗില്ലിനെ തേടിയെത്തിയിരിക്കുകയാണ്. 23 വയസില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് ഗില്‍ തന്റെ പേരിനോടും പെരുമയോടും വീണ്ടും നീതി പുലര്‍ത്തിയത്.

കഴിഞ്ഞ ദിവസം നേടിയ 101 റണ്‍സിന് പിന്നാലെ ഈ പട്ടികയില്‍ ഒന്നാമനാകാനും ഗില്ലിനായി. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായിരുന്ന റിഷബ് പന്തിനെ മറികടന്നാണ് ഗില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

2,427 റണ്‍സാണ് 23 വയസിനിടെ ഗില്‍ അടിച്ചുകൂട്ടിയത്, പന്താകട്ടെ 2,416 റണ്‍സാണ് ഈ പ്രായത്തില്‍ അടിച്ചുകൂട്ടിയത്.

23ാം വയസില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

ശുഭ്മന്‍ ഗില്‍ – 2,427 റണ്‍സ്

റിഷബ് പന്ത് – 2,416 റണ്‍സ്

ഇഷാന്‍ കിഷന്‍ – 1,870 റണ്‍സ്

സഞ്ജു സാംസണ്‍ – 1,867 റണ്‍സ്

വിരാട് കോഹ്‌ലി – 1,639 റണ്‍സ്

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഗില്ലിന് സാധിച്ചു. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ മറികടന്നാണ് ഗില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഒരു റണ്‍സിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

13 മത്സരത്തില്‍ നിന്നും 48 ശരാശരിയിലും 146.19 എന്ന പ്രഹരശേഷിയിലും 576 റണ്‍സാണ് ഗില്‍ നേടിയത്. ഈ സെഞ്ച്വറിക്ക് പുറമെ നാല് അര്‍ധ സെഞ്ച്വറിയും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

Content Highlight: Shubman Gill became the most IPL graduate at the age of 23

We use cookies to give you the best possible experience. Learn more