ഏകദിനത്തിലെ ആദ്യ 35 മത്സരങ്ങളിൽ നിന്നും ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം എന്ന നേട്ടം സ്വന്തമാക്കി യുവതാരം ശുഭ്മൻ ഗിൽ.
ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ശുഭ്മൻ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറിയോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.
കങ്കാരുക്കൾക്കെതിരെ 97 പന്തിൽ 104 റൺസാണ് ഗിൽ അടിച്ചെടുത്തത്. ആറ് ഫോറുകളുടെയും മൂന്ന് പടുകൂറ്റൻ സിക്സറുകളുടെയും അകംമ്പടിയോടുകൂടിയായിരുന്നു ഗില്ലിന്റ ഈ അവിസ്മരണീയ ഇന്നിങ്‌സ്. 107.22 പ്രഹര ശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്. മത്സരത്തിൽ ഇന്ത്യ ഡക്ക് വർത്ത്- ലൂയിസ്- സ്റ്റേൺ നിയമപ്രകാരം 99 റൺസിന് ഇന്ത്യ വിജയിക്കുകയും പരമ്പര 2-0 ത്തിന് സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യൻ താരം ശിഖർ ധവാന്റെ റെക്കോഡ് മറികടന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. തന്റെ ആദ്യ 35 ഏകദിന മത്സരങ്ങളിൽ നിന്നും ധവാൻ അഞ്ച് സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും, കെ.എൽ. രാഹുലും ഏകദിനത്തിലെ ആദ്യ 35 മത്സരങ്ങളിൽ നാല് സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.
ഈ ഇന്നിങ്സിലൂടെ ശുഭ്മൻ മറ്റൊരു നാഴികകല്ല് കൂടി താരം പിന്നിട്ടു. ഏകദിനത്തിൽ ആദ്യ 35 മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും ഗിൽ സ്വന്തമാക്കി. 35 മത്സരങ്ങളിൽ നിന്നും 1917 റൺസാണ് താരം നേടിയത്.
സൗത്ത് ആഫ്രിക്കൻ മുൻ ഓപ്പണർ ഹാഷിം അംലയുടെ റെക്കോഡ് ആണ് ഗിൽ മറികടന്നത്. അംല 35 ഇന്നിങ്സിൽ നിന്നും 1844 റൺസാണ് നേടിയത്. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗില്ലിന്റ ഈ മികച്ച പ്രകടനം ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷകൾ ആണ് നൽകുന്നത്.
സെപ്റ്റംബർ 30ന് ഇംഗ്ലണ്ടിനെതിരെയും ഒക്ടോബർ മൂന്നിന് നെതർലാൻഡ്സിനെതിരെയും ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കും.
ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയിലേക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.