| Thursday, 18th August 2022, 8:29 pm

ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജകുമാരന്‍ കീഴടക്കാന്‍ തുടങ്ങി; അടുത്ത് സൂപ്പര്‍താരത്തിലേക്കുള്ള ചവിട്ടുപടികളാണ് ഈ പ്രകടനങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബംഗ്ലാദേശിനെ തോല്‍പിച്ചതിന്റെ കോണ്‍ഫിഡന്‍സില്‍ കളത്തിലെത്തിയ സിംബാബ്‌വെ പക്ഷെ ഇന്ത്യക്ക് മുന്നില്‍ എത്തും പിടിയും കിട്ടാതെ നില്‍ക്കുകയായിരുന്നു.

41ാം ഓവറില്‍ വെറും 189 റണ്‍സില്‍ സിംബാബ്‌വെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനറിങ്ങിയ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ വെറ്ററന്‍ താരം ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 പന്ത് നേരിട്ട് 82 റണ്‍സുമായി അറ്റാക്ക് ചെയ്താണ് ഗില്‍ കളിച്ചതെങ്കില്‍ ധവാന്‍ സേഫ് ഗെയിമായിരുന്നു കളിച്ചത്.

113 പന്ത് നേരിട്ട് 81 റണ്‍സാണ് ധവാന്‍ നേടിയത്. ചെറിയ സ്‌കോര്‍ ചെയ്‌സ് ചെയ്താല്‍ മതിയെന്ന ബോധത്തിലായിരിക്കാം അദ്ദേഹം പതിഞ്ഞ താളത്തില്‍ ബാറ്റ് വീശിയത്. ഓപ്പണിങ്ങില്‍ നാല് തവണ ഒരുമിച്ചിറങ്ങിയ ധവാന്‍-ഗില്‍ സഖ്യത്തിന്റെ മൂന്നാം സെഞ്ച്വറി കൂട്ടുകെട്ടാണ് ഈ മത്സരത്തിലേത്.

ഇന്ത്യന്‍ ടീമിന്റെ യുവതാരമാണ് ഗില്‍. എന്നാല്‍ കളിക്കളത്തില്‍ ഒരു സീനിയര്‍ താരത്തിന്റെ പക്വത കാണിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തന്റെ സ്വതസിദ്ധശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഗില്‍ ടീമില്‍ മികച്ച ഇംപാക്റ്റാണ് ഉണ്ടാക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലാണ് ഗില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയത്. വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് നടന്ന പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ ഗില്ലായിരുന്നു മാന്‍ ഓഫ് ദി സീരീസും.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 67 റണ്‍സ് നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ 43 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം മത്സരത്തിലായിരുിന്നു ഗില്ലിന്റെ ക്ലാസ് മൊത്തത്തില്‍ പുറത്തുവന്നത്. പുറത്താകാതെ 98 റണ്‍സായിരുന്നു അദ്ദേഹം ആ മത്സരത്തില്‍ അടിച്ചെടുത്തത്. ഒരുപക്ഷെ മഴ ചതിച്ചില്ലായിരുന്നുവെങ്കില്‍ താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിക്ക് ക്രിക്കറ്റ് ലോകം സാക്ഷിയാകുമായിരുന്നു.

ഇപ്പോഴിതാ സിംബാബ്‌വെ പരമ്പരയിലെ ആദ്യ മത്സരത്തിലും മികച്ച പ്രകടനം. അവസാനം കളിച്ച നാല് ഏകദിനത്തില്‍ നിന്നും 143 എന്ന വലിയ ശരാശരിയില്‍ 287 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. 105ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ നാല് ഇന്നിങ്‌സില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികളും ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഈ പ്രകടനങ്ങളെല്ലാം വിദേശ മണ്ണില്‍ വെച്ചാണെന്നുള്ളത് ഇതിന്റെ പ്രത്യേകത കൂട്ടുന്നു.

തീര്‍ച്ചയായും മികച്ച സാങ്കേതിക തികവുള്ള ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത രാജകുമാരനാണ് എന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. കെ.എല്‍. രാഹുലിനെ പോലെ ടോപ് ഓര്‍ഡറിലെ വ്യത്യസ്ത പൊസിഷനില്‍ അദ്ദേഹത്തെ ഇറക്കാന്‍ സാധിക്കുമെന്നത് ഗില്ലിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.

ഒരുപക്ഷെ വിരാട് കോഹ്‌ലിയുടെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പര്‍ ബാറ്ററായിരിക്കും ശുഭ്മാന്‍ ഗില്‍ എന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിശ്വസിക്കുന്നത്.

Content Highlight: Shubman Gill  Arrived style  in ODI cricket

We use cookies to give you the best possible experience. Learn more