| Wednesday, 16th August 2023, 7:53 pm

ഗില്ലിന് കരിയര്‍ ബെസ്റ്റ് കിട്ടിയപ്പോള്‍ ജെയ്‌സ്വാളിനടിച്ചത് ബമ്പര്‍ ലോട്ടറി 😍 😍; ഒന്നല്ല, രണ്ടല്ല ആയിരത്തിലധികം 🔥

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കരിയര്‍ ബെസ്റ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് ശേഷവും റാങ്കിങ്ങില്‍ വമ്പന്‍ നേട്ടമാണ് ഗില്‍ ഉണ്ടാക്കിയിരിക്കുന്നത്.

43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ നിലവില്‍ 25ാം സ്ഥാനത്താണ്. 551 എന്ന റേറ്റിങ്ങുമായാണ് ഗില്‍ 25ാം സ്ഥാനത്തെത്തിയിരിക്കുന്നത്. തൊട്ടുമുമ്പ് പുറത്തുവിട്ട റാങ്കില്‍ ഗില്‍ 77ാം സ്ഥാനത്തായിരുന്നു.

30 ആണ് ഇതിന് മുമ്പുള്ള ഗില്ലിന്റെ കരിയര്‍ ബെസ്റ്റ് റാങ്കിങ്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഗില്ലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. യുവതാരം യശസ്വി ജെയ്‌സ്വാളിനൊപ്പം നാലാം ടി-20യില്‍ പടുത്തുയര്‍ത്തിയ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്ലിന് തുണയായത്.

ഈ പ്രകടനത്തിന് പിന്നാലെ നിരവധി റെക്കോഡുകള്‍ നേടിയ ഗില്ലിന് ഏറെ ആശ്വാസം നല്‍കുന്ന റാങ്കിങ്ങാണ് ഐ.സി.സി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഗില്ലിനൊപ്പം റെക്കോഡ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ജെയ്‌സ്വാള്‍ ഒറ്റയടിക്ക് ആയിരത്തിലധികം സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ 88ാം സ്ഥാനത്താണ് ജെയ്‌സ്വാള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

പരമ്പരയിലെ നാലാം മത്സരത്തില്‍ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ഏയ്‌സിന് തുണയായത്. 51 പന്തില്‍ 164.71 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 84 റണ്‍സാണ് താരം നേടിയത്. 11 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

തന്റെ ആദ്യ അന്താരാഷ്ട്ര ടി-20 ഫിഫ്റ്റിയാണ് സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ ജെയ്‌സ്വാള്‍ കുറിച്ചത്. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ജെയ്‌സ്വാളിനെ തന്നെയായിരുന്നു.

അതേസമയം, സൂര്യകുമാര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 907 റേറ്റിങ്ങോടെയാണ് സ്‌കൈ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മുഹമ്മദ് റിസ്വാനും ബാബര്‍ അസവും രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം നാലാം സ്ഥാനത്തും റിലി റൂസോ അഞ്ചാം സ്ഥാനത്തുമെത്തി.

മുഹമ്മദ് വസീം (യു.എ.ഇ), ഡെവോണ്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്), ഡേവിഡ് മലന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ),ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) എന്നിവരാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനക്കാര്‍.

19ാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് ടി-20 റാങ്കിങ്ങില്‍ രണ്ടാമതുള്ള ഇന്ത്യന്‍ താരം. കെ.എല്‍ രാഹുല്‍ (37), രോഹിത് ശര്‍മ (40), തിലക് വര്‍മ (46) എന്നിവരാണ് ആദ്യ 50ലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

Content highlight: Shubman Gill and Yashaswi Jaiswal make gains in ICCC seeding

Latest Stories

We use cookies to give you the best possible experience. Learn more