പ്രായം 23 മാത്രമാണെങ്കിലെന്താ, ശുഭ്മന്‍ ഗില്‍ പൊളിയല്ലേ. 2019ല്‍ ഏകദിനത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞ താരം ഇന്ന് മൂന്ന് ഫോര്‍മാറ്റുകളിലും അനിഷേധ്യനായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ഇതിനോടകം ഏകദിനത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിനായി ഇരട്ട സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ടി-20യില്‍ ഇന്ത്യന്‍ ദേശീയ ടീമിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം എന്നീ റെക്കോഡുകള്‍ ഗില്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.
2023 ഐ.പി.എല്‍ സീസണില്‍ ഡുപ്ലെസി, വിരാട് കോഹ്‌ലി, യശസ്വി ജെയ്‌സ്വാള്‍, ഡെവോണ്‍ കോണ്‍വേ, സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കൊപ്പം പോരടിച്ച് ഏറ്റവുമുയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. ഈ സീസണില്‍ മൂന്ന് ശതകങ്ങളുമായി റണ്‍വേട്ടയില്‍ തന്റെ ആരാധ്യപുരുഷനായ വിരാട് കോഹ്‌ലിയെ വരെ പിന്നിലാക്കാന്‍ അദ്ദേഹത്തിനായെന്നത് ചെറിയ കാര്യമല്ല.
ഓറഞ്ച് ക്യാപ്പിട്ട് ഇന്ന് കലാശപ്പോരിനിറങ്ങുമ്പോള്‍ ഒരുപിടി റെക്കോഡുകളാണ് ഗില്ലിനെ കാത്തിരിക്കുന്നത്. 851 റണ്‍സുമായി ഐ.പി.എല്ലിലെ എക്കാലത്തേയും ഉയര്‍ന്ന റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത് ഓപ്പണര്‍ ഇപ്പോള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ സീസണിലെ നാലാം സെഞ്ച്വറി കൂടി നേടിയാല്‍ മാത്രമെ ഗില്ലിന് ഒന്നാമതുള്ള വിരാട് കോഹ്‌ലിയുടെ 973 റണ്‍സിന്റെ റെക്കോഡ് മറികടക്കാനാകൂ. വിരാടിനേക്കാള്‍ 122 റണ്‍സിന് പിറകിലാണ് ഗില്‍. അതേസമയം, ഇന്ന് 12 റണ്‍സ് കൂടി നേടിയാല്‍ ജോസ് ബട്‌ലറുടെ 863 റണ്‍സെന്ന നേട്ടത്തെ പിന്നിലാക്കാനാകും.
2016 ഐ.പി.എല്‍ സീസണിലായിരുന്നു കോഹ്‌ലി നാല് സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയും സഹിതം 973 റണ്‍സ് വാരിക്കൂട്ടിയത്. ഗില്ലിന്റെ നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഇന്ത്യന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
‘ഗുജറാത്താണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ അത് സാധ്യമാണ്. എന്നാല്‍ ആദ്യം ചെന്നൈ ബാറ്റ് ചെയ്ത് 180 റണ്‍സില്‍ താഴെയാണ് സ്‌കോര്‍ ചെയ്യുന്നതെങ്കില്‍, 122 റണ്‍സ് സ്‌കോര്‍ ചെയ്യുക ബുദ്ധിമുട്ടാണ്. എന്നാലും റെക്കോഡുകളെല്ലാം തകര്‍ക്കപ്പെടേണ്ടതാണ്.
മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റ് പോലെയും സച്ചിന്റെ ടെസ്റ്റ് റണ്‍സ് പോലെയുമുള്ളൊരു റെക്കോഡാണിത്. അവ തകര്‍ക്കുക അതീവ ദുഷ്‌ക്കരവുമാണ്. എന്നാല്‍ ഇവിടെ കടമ്പ 122 റണ്‍സിന്റേതാണ്. ഈ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞതായി സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്തു.