പേടിച്ചാല്‍ എങ്ങനെ കളിക്കും? ആര് പന്തെറിയുന്നു എന്നൊന്നും ഞങ്ങള്‍ നോക്കാറില്ല; ഗാബയിലിറങ്ങും മുമ്പേ പോര്‍മുഖം തുറന്ന് ഗില്‍
Sports News
പേടിച്ചാല്‍ എങ്ങനെ കളിക്കും? ആര് പന്തെറിയുന്നു എന്നൊന്നും ഞങ്ങള്‍ നോക്കാറില്ല; ഗാബയിലിറങ്ങും മുമ്പേ പോര്‍മുഖം തുറന്ന് ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th December 2024, 4:28 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.

പെര്‍ത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ ചരിത്ര വിജയം കുറിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഗാബ ടെസ്റ്റ് വിജയിച്ചാല്‍ പരമ്പരയില്‍ മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും.

അഡ്‌ലെയ്ഡിലെ പരാജയത്തിന് പകരം ചോദിക്കാന്‍ തന്നെയാണ് ഇന്ത്യയിറങ്ങുന്നത്. യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലും റിഷബ് പന്തും നിതീഷ് റാണയുമടക്കമുള്ള യുവനിരയില്‍ ഇന്ത്യന്‍ ആരാധകര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളും ഏറെ വലുതാണ്.

പുതിയ ജനറേഷനിലെ താരങ്ങളുടെ ബാറ്റിങ് അപ്രോച്ചിനെ കുറിച്ച് സംസാരിക്കുകയാണ് ശുഭ്മന്‍ ഗില്‍. പുതിയ തലമുറയിലെ താരങ്ങള്‍ ആര് പന്തെറിയുന്നു എന്ന് നോക്കാറില്ലെന്നും പന്ത് മാത്രമേ നോക്കാറുള്ളൂ എന്നാണ് ഗില്‍ പറയുന്നത്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗില്‍.

‘ജയിക്കുന്നില്ലെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ, പേടിച്ചാല്‍ എങ്ങനെ കളിക്കാനാകും? കഴിഞ്ഞ തവണ ഞങ്ങളാണ് ജയിച്ചത്. ഇന്ത്യയിലും അങ്ങനെ തന്നെ. ഈ തലമുറയിലെ താരങ്ങള്‍ ആര് പന്തെറിയുന്നു എന്ന കാര്യം ശ്രദ്ധിക്കാറില്ല. പന്തിനെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.

സാഹചര്യങ്ങള്‍ അല്‍പ്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്, എന്നാല്‍ 35ാം ഓവറിനും രണ്ടാം ന്യൂബോളിനും ഇടയിലുള്ള സമയത്ത് ബാറ്റിങ് കുറച്ച് എളുപ്പമാകും. എന്നാല്‍ ഓസ്‌ട്രേലിയയുടെ പേസാക്രമണത്തിന്റെ ചരിത്രവും പേസിന് അനുകൂലമായ പിച്ചുകളും പരിശോധിക്കുമ്പോള്‍ മത്സരത്തിലുടനീളം മാനസികമായി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ചെയ്യേണ്ടത്,’ ഗില്‍ പറഞ്ഞു.

ഗാബയില്‍ ഒരു വ്യക്തിഗത നേട്ടവും ഗില്ലിനെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യക്കായി നേടുന്ന ടെസ്റ്റ് റണ്‍സുകളുടെ അടിസ്ഥാനത്തില്‍ തന്റെ മെന്റര്‍ കൂടിയായ യുവരാജ് സിങ്ങിനെ മറികടക്കാനുള്ള അവസരമാണ് ഗില്ലിന് മുമ്പിലുള്ളത്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിഹാസം രചിച്ച യുവരാജിന് എന്നാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അത്ര മികച്ച റെക്കോഡുകളില്ല. ഇന്ത്യയ്ക്കായി ആകെ കളിച്ച 40 മത്സരത്തിലെ 62 ഇന്നിങ്സില്‍ നിന്നും 1900 ടെസ്റ്റ് റണ്‍സാണ് യുവി സ്വന്തമാക്കിയത്.

ഗാബയില്‍ 42 റണ്‍സ് കണ്ടെത്തിയാല്‍ ഗില്ലിന് യുവരാജ് സിങ്ങിനെ മറികടക്കാന്‍ സാധിക്കും. 56 ഇന്നിങ്സില്‍ നിന്നും 1859 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആദ്യ മത്സരം പരിക്കുമൂലം നഷ്ടപ്പെട്ട ഗില്‍ രണ്ടാം മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഗാബയില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

 

Content Highlight: Shubman Gill about new generation batter’s approach