| Wednesday, 21st February 2024, 8:21 pm

ഇന്ത്യയിലല്ല, ലോകത്തെവിടെയായാലും അദ്ദേഹത്തെ ഞങ്ങള്‍ മിസ് ചെയ്യും; ഇതിഹാസത്തെ കുറിച്ച് ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് വേദി. മുന്‍ ഇന്ത്യന്‍ നായകനും ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറുമായ മഹേന്ദ്ര സിങ് ധോണിയുടെ കളിത്തട്ടകമാണ് റാഞ്ചി സ്‌റ്റേഡിയം.

ഇപ്പോള്‍ റാഞ്ചിയിലെ തങ്ങളുടെ മത്സരം കളിക്കുന്നതിന് മുമ്പ് ധോണിയെ കുറിച്ച് സംസാരിക്കുകയാണ് യുവതാരം ശുഭ്മന്‍ ഗില്‍. ധോണിയെ തങ്ങള്‍ അത്രയും ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യ മുഴുവനും അദ്ദേഹത്തെ മിസ് ചെയ്യുമെന്നും ഗില്‍ പറഞ്ഞു.

നാലാം ടെസ്റ്റിന് മുന്നോടിയായി നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് ഗില്‍ മുന്‍ ഇന്ത്യന്‍ നായകനെ കുറിച്ച് സംസാരിച്ചത്.

‘ഇന്ത്യയിലെ എല്ലാവരും മഹി ഭായിയെ (എം.എസ്. ധോണിയെ) ആഗ്രഹിക്കുന്നു. ഞങ്ങള്‍ എവിടെ കളിച്ചാലും എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യുന്നു. ഇന്ത്യയില്‍ എല്ലായിടത്തും പോകുമ്പോള്‍ ഇത് പ്രത്യേകമായി മനസിലാകും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെ പോയാലും ഇതേ വികാരം തന്നെയാണുള്ളത്,’ ഗില്‍ പറഞ്ഞു.

ധോണിയുടെ റാഞ്ചിയില്‍ കളിക്കുക എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അത് ഇരട്ടി ആത്മവിശ്വാസം തന്നെയാണ് നല്‍കുന്നത്. റാഞ്ചിയുടെ മുന്‍കാല ചരിത്രവും അത് അടിവരയിടുന്നു.

ഇതിന് മുമ്പ് രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ റാഞ്ചിയില്‍ കളിച്ചത്. നിര്‍ഭാഗ്യവശാല്‍ ധോണി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് ഈ രണ്ട് മത്സരങ്ങളും നടന്നത്. ഇക്കാരണത്താല്‍ തന്നെ ഹോം ക്രൗഡിന് മുമ്പില്‍ ധോണിക്ക് അന്താരാഷ്ട്ര റെഡ് ബോള്‍ മാച്ചുകള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

2017ലാണ് ഇന്ത്യ ആദ്യം റാഞ്ചിയില്‍ ടെസ്റ്റിനിറങ്ങിയത്. ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍. ചേതേശ്വര്‍ പൂജാര ഇരട്ട സെഞ്ച്വറി കൊണ്ടും വൃദ്ധിമാന്‍ സാഹ സെഞ്ച്വറി കൊണ്ടും കളമറിഞ്ഞ കളിച്ച മത്സരം സമനിലയിലാണ് അവസാനിച്ചത്.

സ്‌കോര്‍

ഓസ്ട്രേലിയ – 451 & 204/6

ഇന്ത്യ – 603/9d

ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ലാണ് ഇന്ത്യ റാഞ്ചിയില്‍ അടുത്ത ടെസ്റ്റിനിറങ്ങിയത്. സൗത്ത് ആഫ്രിക്കയായിരുന്നു എതിരാളികള്‍.

മത്സരത്തില്‍ പ്രോട്ടിയാസിനെ നാണംകെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറിയും അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് തുണയായത്.

സ്‌കോര്‍

ഇന്ത്യ – 497/9 d

സൗത്ത് ആഫ്രിക്ക -(f/o) 162 & 133

ഫെബ്രുവരി 23നാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്നത്. നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Content Highlight: Shubman Gill about MS Dhoni

We use cookies to give you the best possible experience. Learn more