ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് സാധിച്ചു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് ഇന്ത്യയുടെ മുന്‍നിര കാഴ്ചവെച്ചത്. യശസ്വി ജയ്‌സ്വാള്‍ 57 റണ്‍സും രോഹിത് ശര്‍മ 103 റണ്‍സും ശുഭ്മന്‍ ഗില്‍ 110 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 65 റണ്‍സും സര്‍ഫറാസ് ഖാന്‍ 56 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
എന്നാല്‍ മത്സരത്തിനിടയില്‍ ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ഗില്ലും തമ്മില്‍ നടന്ന ഒരു വാക്ക് പോരാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘നിനക്ക് ഇന്ത്യക്ക് പുറത്ത് റണ്‍സ് എടുക്കാന്‍ സാധിക്കുമോ എന്ന് ആന്‍ഡേഴ്‌സണ്‍ ഗില്ലിനോട് ചോദിച്ചു, മറുപടിയായി ഗില്‍ പറഞ്ഞത് റിട്ടയര്‍ ആവാന്‍ സമയമായില്ലേ എന്നായിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ ആന്‍ഡേഴ്‌സണ്‍ ഗില്ലിന്റെ വിക്കറ്റ് നേടുകയായിരുന്നു’
മത്സരത്തില്‍ അവസാനം കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയതും ആന്‍ഡേഴ്സനായിരുന്നു. ഇതോടെ ആന്‍ഡേഴ്സണ്‍ തന്റെ ടെസ്റ്റ് കരിയറിലെ നിര്‍ണായക നേട്ടത്തില്‍ എത്തിയും ചെയ്തു. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും ആന്‍ഡേഴ്സണ് കഴിഞ്ഞു.
Content highlight: Shubhman Gill VS James Anderson