ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ഇന്ത്യ-സിംബാബ്വെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചതോടെ സ്‌ക്വാഡിലേക്ക് യശസ്വി ജയ്സ്വാള്‍, മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബൈ എന്നിവര്‍ ടീമിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ താരങ്ങള്‍ കൂടുതലാണ്.
ആദ്യ ടി-20യില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ രണ്ടാം ടി-20യില്‍ ഗില്‍ ഒഴിച്ച് ബാക്കി മൂന്ന് ബാറ്റര്‍മാരും മിന്നും പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ ആരെ പുറത്തിരുത്തും എന്ന ചിന്തയിലാണ് പരിശീലകന്‍ വി.വി.എസ്. ലക്ഷ്മണും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും. അതേസമയം സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് ഗില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
‘ആദ്യ മത്സരത്തിലുണ്ടായിരുന്ന കടുത്ത സമ്മര്‍ദം ഒരു തരത്തില്‍ നന്നായെന്നു തോന്നുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഞങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കും എന്നതിനെ പറ്റി കരുതല്‍ ഉണ്ടായിരുന്നു. അടുത്ത മത്സരങ്ങളിലേക്ക് ടീമില്‍ മൂന്ന് പേര്‍കൂടെ വന്നതുകൊണ്ട് കൂടുതല്‍ സാധ്യതകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഒരു ഓപ്ഷനും ഇല്ലാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരുപാട് ഓപ്ഷന്‍സ് ഉള്ളത്,’ഗില്‍ പറഞ്ഞു.
ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബാണ് വേദി.
സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡേ.
സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബൈ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.
Content Highlight: Shubhman Gill Talking About Indian Cricket Players