ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് ഇന്ത്യ വിജയിച്ച് കരുത്ത് കാട്ടിയിരുന്നു. ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
2025 ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരു പരിശീലനമായിട്ടല്ല ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയെ കാണുന്നതെന്നും എല്ലാ പരമ്പരപോലെ കളിക്കാനിരിക്കുന്ന പരമ്പരയും പ്രധാനപ്പെട്ടതാണെന്ന് ഗില്‍ പറഞ്ഞു. മാത്രമല്ല പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ഗില്‍ തന്റെ റോള്‍ വളരെ കൃത്യമായി നിറവേറ്റുമെന്നും പറഞ്ഞു.
‘മികച്ച ടീമിനെതിരെയാണ് ഞങ്ങള്‍ കളിക്കുന്നത്. അവര്‍ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പരിശീലനമായി ഞങ്ങള്‍ കണക്കാക്കുന്നില്ല. എല്ലാ പരമ്പരയും പോലെ ഇംഗ്ലണ്ടിനെതിരെള്ള പരമ്പരയും പ്രധാനപ്പെട്ടതാണ്. മത്സരങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും വിജയിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,
എനിക്ക് ഒരു അധിക ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്, നയിക്കുക എന്നത് ഒരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുന്നു. ആദ്യം എന്റെ പ്രകടനങ്ങളിലൂടെ, പിന്നെ രോഹിത് ഭായ് എന്റെ അഭിപ്രായമോ മറ്റോ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഫീല്‍ഡില്‍ അത് നല്‍കുന്നതിലൂടെയും മികവ് പുലര്‍ത്തണം. മാത്രമല്ല കളിയെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ അദ്ദേഹത്തെ അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു,
ഒരു വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് വളരെയതികം ചിന്തിക്കേണ്ടതുണ്ട്. ജി.ജി ഭായ് (ഗൗതം ഗംഭീര്‍) എങ്ങനെ ചിന്തിക്കുന്നു, രോഹിത് ഭായ് എങ്ങനെ ചിന്തിക്കുന്നു. ചില ബാറ്റമാര്‍ക്കും ചില ബൗളര്‍മാര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ എന്തൊക്കെയാണ്, ചില എതിരാളികളെ എങ്ങനെ നേരിടണം. അത് പഠിക്കുക എന്നത് വലിയ ലക്ഷ്യമാണെന്ന് ഞാന്‍ കരുതുന്നു, അത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കും,’ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങള്‍), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനം), വരുണ്‍ ചക്രവര്‍ത്തി
Content Highlight: Shubhman Gill Talking About India VS England ODI