അദ്ദേഹത്തോടൊപ്പം രണ്ട് പരിശീലന സെക്ഷനില്‍ മാത്രമാണ് കളിച്ചത്, എന്നാലും മറ്റുള്ളവരോടുള്ള സമീപനം മനസിലായി; തുറന്ന് പറഞ്ഞ് ഗില്‍
Sports News
അദ്ദേഹത്തോടൊപ്പം രണ്ട് പരിശീലന സെക്ഷനില്‍ മാത്രമാണ് കളിച്ചത്, എന്നാലും മറ്റുള്ളവരോടുള്ള സമീപനം മനസിലായി; തുറന്ന് പറഞ്ഞ് ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th July 2024, 2:27 pm

2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ഐതിഹാസികമായ വിജയം സ്വന്തമാക്കിയിരുന്നു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യ രണ്ടാം ടി-20 കിരീടത്തില്‍ മുത്തമിട്ടത്. ശേഷം ഇന്ത്യയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റത് ഗൗതം ഗംഭീര്‍ ആണ്. ജൂണ്‍ 27 മുതല്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഗൗതം ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ്.

ഇതോടെ ശ്രീലങ്കയില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ രണ്ട് പരിശീലന സെക്ഷനുകളും കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍ ഗൗതം ഗംഭീറിനോടൊത്തുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. പരമ്പരയ്ക്ക് മുന്നോടിയായ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ ഒരുമിച്ച് രണ്ട് പരിശീലന സെക്ഷനുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ, എന്നാലും അദ്ദേഹത്തിന്റെ ഉദ്ദേശവും ആശയവിനിമയവും വളരെ വ്യക്തമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓരോ കളിക്കാരനും അവരുടെ ലക്ഷ്യത്തിലെത്താന്‍ എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് സൂക്ഷ്മമായ ധാരണയും കാഴ്ചപ്പാടും അദ്ദേഹം പ്രകടമാക്കിയിരുന്നു,’ ഗില്‍ പറഞ്ഞു.

ടി ട്വന്റി പുതിയ ക്യാപ്റ്റനായി എത്തിയ സൂര്യകുമാര്‍ യാദവും തമ്മിലുള്ള കമ്മ്യൂണിക്കേഷനെക്കുറിച്ചും സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ ഫലപ്രദമായ കമ്മ്യൂണിക്കേഷന്‍ മൈതാനത്ത് ഉണ്ടെന്നും ഇരുവരുടെയും സമാനമായ കാഴ്ചപ്പാടുകളുമാണെന്ന് അഭിപ്രായപ്പെട്ടു. മാത്രമല്ല ഇരുവരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഒരുമിച്ച് ഉണ്ടായിരുന്നു.

‘അവര്‍ക്ക് (ഗംഭീറും സൂര്യയും) കളിയോട് സമാന ചിന്താഗതിയും സമീപനവുമുണ്ട്. സൗത്ത് ആഫ്രിക്കയില്‍ സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച ഞാന്‍ അവരുടെ ധാരണകളെ നേരിട്ട് കണ്ടിട്ടുണ്ട്. ഇത് മൈതാനത്ത് മികച്ച റിസള്‍ട്ട് നല്‍കുകയും ചെയ്യും,’ ഗില്‍ കൂട്ടിച്ചേര്‍ത്തു.

2024 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച് ഗില്‍ തുടര്‍ന്ന് സിംബാബ്‌വേക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റനായി അരങ്ങേറ്റം നടത്തുകയും ചെയ്തു. 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. പരമ്പരയില്‍ ഓപ്പണായി ഇറങ്ങിയ ക്യാപ്റ്റന്‍ ഗില്‍ 66*,58*എന്നിങ്ങനെ മികച്ച സ്‌കോറുകള്‍ സ്വന്തമാക്കിയിരുന്നു.

ശ്രീലങ്കക്കെതിരായ പരമ്പരയിലും താരം മിന്നും പ്രകടനം കാഴ്ചവയ്ക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Shubhman Gill Talking About Goutham Gambhir