ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്‌വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് താരം. എന്നാല്‍ ആദ്യമായാണ് താരത്തിന് ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ മാച്ചില്‍ ക്യാപ്റ്റനാവാന്‍ സാധിച്ചത്. ഇതിനേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഗില്‍.
‘ആദ്യമായി ഐ.പി.എല്ലില്‍ ക്യാപ്റ്റനായപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരു കളിക്കാരനെന്ന നിലയിലും ഒരു നേതാവെന്ന നിലയിലും എനിക്ക് എന്നെന്നെക്കുറിച്ച് പഠിക്കാന്‍ സാധിച്ചു,’ ഗില്‍ പറഞ്ഞു.
‘ക്യാപ്റ്റന്‍സി പ്രധാനമായും മാനസിക വെല്ലുവിളികളെയും, നിങ്ങള്‍ ടീമംഗങ്ങളെ എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ കുറിച്ചാണ്. എല്ലാവര്‍ക്കും ആവശ്യമുള്ള വൈദഗ്ദ്ധ്യം ഉണ്ട്. കളിക്കളത്തില്‍ അവര്‍ക്ക് വേണ്ടത്ര ആത്മവിശ്വാസം നല്‍കിയാല്‍ മതി,’ ഗില്‍ പറഞ്ഞു.