ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തകര്‍പ്പന്‍ റെക്കോഡ് നേടിയെങ്കിലും അതുകൊണ്ട് ടീമിന് ഉപകാരമില്ലാതെ പോയതിന്റെ നിരാശയിലായിരിക്കണം ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍. ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗില്ലിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് കുറിക്കപ്പെട്ടപ്പോള്‍ ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടത് ഒരു വമ്പന്‍ പരാജയമായിരുന്നു.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടി-20 പരമ്പര കൈവിട്ട ശേഷം ഏകദിന പരമ്പരയില്‍ തിരിച്ചുവരണം എന്ന വാശിയുള്ള പ്രോട്ടീസായിരുന്നു എകാന സ്‌പോര്‍ട്‌സ് സിറ്റിയിലെ കാഴ്ച.
കൃത്യമായ തന്ത്രങ്ങള്‍ പ്രോട്ടീസിനെ വിജയിപ്പിച്ചപ്പോള്‍, അതില്‍ പെട്ടുപോയത് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരായിരുന്നു. അത്തരത്തില്‍ മെനഞ്ഞ സൗത്ത് ആഫ്രിക്കന്‍ തന്ത്രങ്ങളുടെ ഇരയായിരുന്നു ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍.
ഏഴ് പന്ത് മാത്രം നേരിട്ട് 42.86 സ്‌ട്രൈക്ക് റേറ്റില്‍ വെറും മൂന്ന് റണ്‍സ് മാത്രം നേടിയായിരുന്നു താരത്തിന്റെ മടക്കം. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ കഗീസോ റബാദ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
കേവലം മൂന്ന് റണ്‍സ് മാത്രമാണ് തന്റെ പേരില്‍ ചേര്‍ക്കാന്‍ സാധിച്ചതെങ്കിലും ആ മൂന്ന് റണ്‍സ് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പതിറ്റാണ്ടുകള്‍ പ്രായമേറിയ ഒരു റെക്കോഡ് തിരുത്തിക്കുറിക്കാന്‍ ഗില്ലിനായിരുന്നു.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് തികക്കുന്ന താരം എന്ന റെക്കോഡാണ് ഗില്‍ തന്റെ പേരിലാക്കിയത്.
കേവലം പത്ത് ഇന്നിങ്‌സില്‍ നിന്നാണ് താരത്തിന്റെ റെക്കോഡ് നേട്ടം. മുമ്പ് നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ പേരിലായിരുന്നു ഈ റെക്കോഡ് ഉണ്ടായിരുന്നത്. 11 ഇന്നിങ്‌സില്‍ നിന്നാണ് സിദ്ദു ഈ നേട്ടം കൈവരിച്ചത്.
മത്സരത്തില്‍ ഗില്‍ മാത്രമായിരുന്നില്ല ടോപ് ഓര്‍ഡറില്‍ നിരാശപ്പെടുത്തിയത്. ഓപ്പണര്‍ ശിഖര്‍ ധവാനും വണ്‍ ഡൗണായി എത്തിയ ഋതുരാജ് ഗെയ്ക്വാദും പാടെ നിരാശപ്പെടുത്തി.
16 പന്ത് നേരിട്ട് 4 റണ്‍സുമായി ധവാന്‍ മടങ്ങിയപ്പോള്‍ 42 പന്തില്‍ നിന്നും 19 റണ്‍സായിരുന്നു ഗെയ്ക്വാദിന്റെ സമ്പാദ്യം. ടോപ് ഓര്‍ഡറില്‍ താരതമ്യേന അല്‍പമെങ്കിലും മികവ് കാട്ടിയത് ഇഷാന്‍ കിഷനായിരുന്നു. 37 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സാണ് താരം നേടിയത്.
അഞ്ചാമനായി ശ്രേയസ് അയ്യര്‍ കളത്തിലെത്തിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അനക്കം വെച്ചുതുടങ്ങിയത്. 37 പന്ത് നേരിട്ട് എട്ട് ഫോറടക്കം 50 റണ്‍സാണ് അയ്യര്‍ നേടിയത്.
ആറാമനായി ക്രീസിലെത്തിയ സഞ്ജുവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 63 പന്തില്‍ നിന്നും ഒമ്പതും ഫോറും മൂന്ന് സിക്‌സറുമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ നിരയില്‍ കഴിഞ്ഞ ദിവസം സിക്‌സര്‍ നേടിയതും സഞ്ജു മാത്രമായിരുന്നു.
കഴിഞ്ഞ ദിവസത്തെ പരാജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞതോടെ ഇന്ത്യ 1-0ന് പിന്നിലാണ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.
ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. റാഞ്ചിയാണ് വേദി.
Content highlight: Shubhman Gill surpasses Navjot Singh Sidhu, creates new record in ODI cricket