| Sunday, 18th February 2024, 12:18 pm

സെഞ്ച്വറിക്ക് അടുത്തെത്തി പക്ഷേ സ്റ്റോക്ക്‌സ് എല്ലാം നശിപ്പിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ നാലാം ദിനം രാജ്‌കോട്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇരു ടീമുകളും ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ 440 റണ്‍സിന്റെ മികച്ച ലീഡിലാണ്.
82 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് ആണ് നേടിയത്.

നാലാം ദിനം ബാറ്റ് ചെയ്ത ശുഭ്മന്‍ ഗില്‍ 151 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 91 റണ്‍സിനാണ് പുറത്തായത്. മികച്ച താളം കണ്ടെത്തിയ താരത്തിന് ഒരു റണ്‍ ഔട്ടിലൂടെയാണ് പുറത്താക്കേണ്ടിവന്നത്.

ടോം ഹാര്‍ട്ട്‌ലിയുടെ ഓവറില്‍ കുല്‍ദീപ് യാദവ് ലോങ്ങ് ഓണിലേക്ക് ഒരു ഷോട്ട് അടിച്ചപ്പോള്‍ ഒരു സിംഗിളിന് ഗില്ലിനെ വിളിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സിംഗിള്‍ നിരസിച്ചു. പന്ത് നേരെ ചെന്നെത്തിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ കയ്യിലായിരുന്നു. പെട്ടെന്ന് തന്നെ ബൗളര്‍ക്ക് പന്ത് കൈമാറുകയും ക്രീസിനു പുറത്തുള്ള ഗില്ലിനെ റണ്‍ ഔട്ട് ചെയ്യുകയുമായിരുന്നു. നേരിയ വ്യത്യാസത്തിലാണ് താരത്തിന് വിക്കറ്റ് നഷ്ടമായത്. ഗ്രീസിന് തൊട്ടടുത്തു വച്ചാണ് താരത്തിന്റെ ബെയില്‍സ് തെറിച്ചത്.

കഴിഞ്ഞ ഇന്നിങ്‌സില്‍ മികച്ച ഫോം കണ്ടെത്തിയ താരം സെഞ്ച്വറി തികച്ചിരുന്നു. എന്നാല്‍ അര്‍ഹമായ അടുത്ത സെഞ്ച്വറി നേടാനാവാതെയാണ് താരം മടങ്ങിയത്.
താരത്തിന് പുറകെ കുല്‍ദീപ് യാദവ് 91 പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്തായി. രഹാന്‍ അഹമ്മദിന്റെ പന്തില്‍ ജോ റൂട്ടിനാണ് കുല്‍ദീപിന്റെ ക്യാച്ച്.

നേരത്തെ റിട്ടയേഡ് ഹര്‍ട്ട് ആയ യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ 189 പന്തില്‍ നിന്ന് 149 റണ്‍സാണ് താരം നേടിയത് ഏഴ് സിക്‌സറുകളും 11 ബൗണ്ടറികളും ആണ് താരം സ്വന്തമാക്കിയത്. 78.84 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 23 പന്തില്‍ നിന്ന് 22 റണ്‍സ് നേടി സര്‍ഫറാസ് ഖാനും ക്രീസില്‍ തുടരുന്നുണ്ട്.

ഇതോടെ ഇന്ത്യ മൂന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ഡോമിനേഷനിലാണ്.

Content Highlight: Shubhman Gill Run Out In 91 Runs

We use cookies to give you the best possible experience. Learn more