|

ഗില്ലാടാ... കയ്യടിക്കടാ... ഒന്നും രണ്ടുമല്ല, റെക്കോഡുകള്‍ വാരിക്കൂട്ടി ഗില്‍; കൊച്ചുപയ്യന് മുമ്പില്‍ വീണത് സച്ചിനും രോഹിത്തും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി വിലയിരുത്തപ്പെടുന്ന താരങ്ങളില്‍ പ്രധാനിയാണ് ശുഭ്മന്‍ ഗില്‍. അടുത്ത ട്രാന്‍സിഷന്‍ പിരിയഡില്‍ ഇന്ത്യക്ക് അധികം ടെന്‍ഷനില്ലാത്തതും ഗില്ലിനെ പോലുള്ള താരങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ്.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തങ്ങളുടെ കന്നി സീസണില്‍ തന്നെ കിരീടം ചൂടിച്ചതില്‍ ഗില്ലിന്റെ പങ്ക് ചെറുതല്ല. ഇന്ത്യയുടെ ഡിപ്പന്‍ഡിബിള്‍ പ്ലെയേഴ്‌സില്‍ ഒരാളായിട്ടാണ് താരത്തിന്റെ വളര്‍ച്ച.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ മാസ്മരിക പ്രകടനമാണ് താരം പുറത്തെടുത്തത്.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയായിരുന്നു ഗില്‍ മികച്ചു നിന്നത്. ഗില്ലിന്റെ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യ 50 ഓവറില്‍ 298 റണ്‍സ് നേടിയത്.

97 പന്തില്‍ നിന്നും 130 റണ്‍സെടുത്ത് നില്‍ക്കവെ ബ്രാഡ് ഇവാന്‍സിന്റെ പന്തില്‍ ഇന്നസെന്റ് കായക്ക് ക്യാച്ച് നല്‍കിയായിരുന്നു ഗില്‍ മടങ്ങിയത്.

താരത്തിന്റെ എകദിന കരിയറിലെ ആദ്യ സെഞ്ച്വറിയായിരുന്നു മത്സരത്തില്‍ പിറന്നത്.

ഈ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ എണ്ണം പറഞ്ഞ പല റെക്കോഡുകളും താരത്തിന് സ്വന്തമായി. ഇതില്‍ സച്ചിന്റെയും യുവരാജിന്റെയും റെക്കോഡുകളും താരം പറിച്ചെറിഞ്ഞു.

സിംബാബ്‌വേക്കെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് താരം പഴങ്കഥയാക്കിയത്.

1998ല്‍ സച്ചിന്‍ നേടിയ 127 റണ്‍സായിരുന്നു സിംബാബ്‌വേയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

സിംബാബ്‌വേയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

130 – ശുഭ്മന്‍ ഗില്‍ vs സിംബാബ്‌വേ (2022)

127 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ vs സിംബാബ്‌വേ (1998)

124- അമ്പാട്ടി റായിഡു vs സിംബാബ്‌വേ (2015)

122- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ vs വെസ്റ്റ് ഇന്‍ഡീസ് (2001)

120- യുവരാജ് സിങ് vs സിംബാബ്‌വേ (2005)

ഇതിനൊപ്പം തന്നെ ഹരാരെയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന അമ്പാട്ടി റായിഡുവിന്റെ റെക്കോഡും ഗില്‍ തകര്‍ത്തിരുന്നു.

ഇതിന് പുറമെ സിംബാബ്‌വേയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഗില്‍ സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇത്തവണ ഗില്ലിന് മുമ്പില്‍ വീണത്.

തിങ്കളാഴ്ച സെഞ്ച്വറി നേടുമ്പോള്‍ ഗില്ലിന്റെ പ്രായം 22 വയസും 348 ദിവസുമായിരുന്നു. ഷെവ്‌റോണ്‍സിനെതിരെ സെഞ്ച്വറി നേടുമ്പോള്‍ രോഹിത്തിന്റെ പ്രായമാകട്ടെ 23 വയസും 28 ദിവസവുമായിരുന്നു.

ഓവര്‍സീസില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ബുക്കില്‍ യുവരാജിനും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കുമൊപ്പം സ്ഥാനം നേടാനും ഗില്ലിനായി.

ഏകദിനത്തില്‍ ഓവര്‍സീസ് സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം

യുവരാജ് സിങ് vs ഓസ്‌ട്രേലിയ- 22 വസയും 41 ദിവസവും

വിരാട് കോഹ്‌ലി vs ഇംഗ്ലണ്ട് – 22 വയസ്സും 315 ദിവസും

ശുഭ്മന്‍ ഗില്‍ – vs സിംബാബ്‌വേ – 22 വയസും 348 ദിവസവും

Content Highlight: Shubhman Gill registers a plenty of of records, surpasses Sachin and Rohit Sharma