| Sunday, 4th February 2024, 3:38 pm

11 മാസങ്ങള്‍ക്ക് ശേഷം പിറന്ന സെഞ്ച്വറി; പുറകെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കളി തുടരുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഇതോടെ 386 റണ്‍സിന്റെ ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

വണ്‍ ഡൗണ്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 147 പന്തില്‍ രണ്ട് സിക്‌സറുകളും 11 ബൗണ്ടറികളും അടക്കം 104 റണ്‍സ് ആണ് ഗില്‍ നേടിയത്. 70.75 എന്ന് തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.

ഇതോടെ ഗില്‍ രണ്ട് നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. 24 വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സെഞ്ച്വറി അടിക്കുന്ന മൂന്നാമത്തെ താരമാകാനാണ് ഗില്ലിന് സാധിച്ചത്.

24 വയസില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം, സെഞ്ച്വറിയുടെ എണ്ണം എന്ന ക്രമത്തില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 30

വിരാട് കോഹ്ലി – 21

ശുഭ്മന്‍ ഗില്‍ – 10

എന്നാല്‍ ഈ നേട്ടത്തിന് പുറമേ 25ാം വയസില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സെഞ്ച്വറി അടിച്ച ഏഷ്യന്‍ താരങ്ങളുടെ പട്ടികയിലും ഗില്‍ ഇടം നേടിയിരിക്കുകയാണ്.

25ാം വയസില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സെഞ്ച്വറി നേടിയ ഏഷ്യന്‍ താരത്തിന്റെ രാജ്യം, താരം, സെഞ്ച്വറിയുടെ എണ്ണം

ഇന്ത്യ – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 40

ഇന്ത്യ – വിരാട് കോഹ്ലി – 26

പാകിസ്ഥാന്‍ – ബാബര്‍ അസം – 16

ശ്രീലങ്ക – മഹേല ജയവര്‍ധനെ – 15

ഇന്ത്യ – വിരേന്ദര്‍ സെവാഗ് – 13

പാകിസ്ഥാന്‍ – ജാവേദ് മിന്ദാദ് – 12

പാകിസ്ഥാന്‍ – സല്‍മാന്‍ ബട്ട് – 11

ഇന്ത്യ – യുവരാജ് സിങ് – 11

പാകിസ്ഥാന്‍ – അഹമ്മദ് ഷഹസാദ് – 10

ബംഗ്ലാദേശ് – തമീമ് ഇഖ്ബാല്‍ – 10

ഇന്ത്യ – ശുഭ്മന്‍ ഗില്‍ – 10

തന്റെ കരിയറിലെ പത്താമത് സെഞ്ച്വറി ആണ് താരം നേടിയിരിക്കുന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും ഒരു ടെസ്റ്റ് സെഞ്ച്വറി പിറന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം മോശം പ്രകടനം കാഴ്ചവച്ച ഗില്ലിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണ്‍ ഇറങ്ങിയ യശ്വസി ജയ്സ്വാള്‍ 27 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്തു പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 13 റണ്‍സ് ആണ് ഇരുപത്തിമൂന്ന് പന്തില്‍ നിന്നും താരം നേടിയത്. ഇരുവരുടേയും വിക്കറ്റ് ഇംഗ്ലണ്ട് സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് എടുത്തത്. തുടര്‍ന്ന് ശ്രേയസ് അയ്യര്‍ 29 റണ്‍സിന് പുറത്തായപ്പോള്‍ വിരാടിന് പകരം വന്ന രജത് പാടിദര്‍ ഒമ്പത് റണ്‍സിനും.

ഭേദപ്പെട്ട പ്രകടനം നടത്തിയ അക്‌സര്‍ പട്ടേല്‍ 84 പന്തില്‍ നിന്ന് ആറ് ബൗണ്ടറികള്‍ അടക്കം 45 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. എസ് ഭരത് ആറ് റണ്‍സിനും കുല്‍ദീപ് യാദവ് പൂജ്യം റണ്‍സിനും പുറത്തായപ്പോള്‍ രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍ ഉള്ളത്.

Content Highlight: Shubhman Gill In Record Achievement

We use cookies to give you the best possible experience. Learn more