സഞ്ജുവിനെയും വിരാടിനെയും പന്തിനെയും അവന്‍ കാറ്റില്‍ പറത്തി; 24ാം വയസിന്റെ ഇതിഹാസ നേട്ടം
Sports News
സഞ്ജുവിനെയും വിരാടിനെയും പന്തിനെയും അവന്‍ കാറ്റില്‍ പറത്തി; 24ാം വയസിന്റെ ഇതിഹാസ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 9:55 am

ഐ.പി.എല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റിന് വിജയം സ്വന്തമാക്കി. അഹമ്മദാബാദില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങാണ് പഞ്ചാബിനെ വിജയിപ്പിച്ചത്.

ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 48 പന്തില്‍ നാല് സിക്‌സറും ആറ് ഫോറും അടക്കം 89 റണ്‍സാണ് അടിച്ചെടുത്തത്. 155.42 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം പുറത്താകാതെ കളിച്ചത്.
മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ഗുജറാത്തിന്റെ യുവ ക്യാപ്റ്റന്‍ ഗില്ലിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡാണ് വന്നിരിക്കുന്നത്.

25 വയസിനുള്ളില്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ഗില്ലിന് സാധിച്ചത്.

ശുഭ്മന്‍ ഗില്‍ – 2954*

റിഷബ് പന്ത് – 2838

ഇഷാന്‍ കിഷന്‍ – 2324

വിരാട് കോഹ്‌ലി – 2273

സഞ്ജു സാംസണ്‍ – 2209

ഗില്ലിന് പുറമെ കെയ്ന്‍ വില്യംസണ്‍ 26 റണ്‍സിന് പുറത്തായപ്പോള്‍ 19 പന്തില്‍ നിന്ന് 6 ഫോര്‍ അടക്കം 33 റണ്‍സ് നേടി സായി സുദര്‍ശനും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഘട്ടത്തില്‍ രാഹുല്‍ തെവാത്തിയ എട്ടു പന്തില്‍ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

പഞ്ചാബിന് വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്ത ശശാങ്ക് സിങ്ങാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം പുറത്താകാതെ കളിക്കളത്തില്‍ അഴിഞ്ഞാടിയത്. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ അശുതോഷ് 17 പന്തില്‍ 31 റണ്‍സും നേടി വിജയത്തില്‍ എത്തിക്കുകയായിരുന്നു പഞ്ചാബിനെ.

 

 

 

Content Highlight: Shubhman Gill In Record Achievement