ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് 'ഗില്ലാട്ടം'; 2023ന് ശേഷം ഇവന് മുകളില്‍ ആരുമില്ല
Sports News
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് 'ഗില്ലാട്ടം'; 2023ന് ശേഷം ഇവന് മുകളില്‍ ആരുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th September 2024, 5:58 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വലിഞ്ഞ് മുറുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 149 റണ്‍സിന് തകര്‍ക്കുയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ യുവ താരം ആകാശ് ദീപ് രണ്ട് വിക്കറ്റും നേടി. ജഡേജ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

രണ്ടാം ദിവസത്തില്‍ കളി നിര്‍ത്തിയപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ താസ്‌കിന്‍ അഹമ്മദ് അഞ്ച് റണ്‍സിന് പുറത്താക്കിയപ്പോള്‍ യശസ്വി ജെയ്‌സ്വാളിനെ 10 റണ്‍സില്‍ നാഹിദ് റാണയും പുറത്താക്കി.

ശേഷം വിരാട് കോഹ്‌ലി 17 റണ്‍സിന് ഹസന്‍ മിര്‍സയുടെ ഇരയാവുകയും ചെയ്തു. നിലവില്‍ ക്രീസില്‍ തുടരുന്നത് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (33*) റിഷഭ് പന്തുമാണ് (12*). നേടിയത് 33 റണ്‍സാണെങ്കിലും ക്രിക്കറ്റ് ലോകത്ത് ഒരു മിന്നും നേട്ടമാണ് താരം സൃഷ്ടിച്ചത്. 2023ന് ശേഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനാണ് ഗില്ലിന സാധിച്ചത്.

2023ന് ശേഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്

ശുഭ്മന്‍ ഗില്‍ – 3000+

കുശാല്‍ മെന്‍ഡിസ് – 2851

രോഹിത് ശര്‍മ – 2801

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ജെയ്സ്വാള്‍ 56 റണ്‍സും പന്ത് 36 റണ്‍സും നേടിയാണ് മടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റേയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

124 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്. എന്നാല്‍ അശ്വിന്‍ 133 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 113 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്.

 

Content Highlight: Shubhman Gill In Great Record Achievement