| Saturday, 11th March 2023, 8:34 pm

രാഹുലിന് ഇനി വിശ്രമിക്കാം, ഓപ്പണിങ് ഒക്കെ ഇനി ചെറുക്കന്‍ നോക്കിക്കൊള്ളും: ട്രോളുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി സീരിസിലെ നാലാം ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഏവരെയും അമ്പരപ്പിച്ച പ്രകടനമാണ് യുവതാരം ശുഭ്മന്‍ ഗില്‍ നടത്തിയത്. കെ.എല്‍ രാഹുലിന് പകരക്കാരനായി സ്‌ക്വാഡിലെത്തിയ ഗില്‍ സെഞ്ചറിയോടെയാണ് തുടങ്ങിയത്.

ഇതോടെ ടെസ്റ്റ് മത്സരങ്ങളില്‍ തന്റെ രണ്ടാം അന്താരാഷ്ട്ര സെഞ്ചറി കണ്ടെത്താനും താരത്തിനായി. 235 പന്തില്‍ 128 റണ്‍സെടുത്ത താരത്തെ നതാന്‍ ലിയോണ്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. ഇതോടെ താരത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ്  രംഗത്തെത്തിയത്.

ഗില്‍ ബാറ്റ് വീശുന്ന യുഗത്തില്‍ ജീവിക്കാനായതില്‍ അഭിമാനമുണ്ടെന്നും വരും നാളുകളില്‍ ഈ പഞ്ചാബുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കുമെന്നൊക്കെയാണ് വരുന്ന കമന്റുകള്‍. അവസരം മുതലെടുത്ത് കെ.എല്‍ രാഹുലിനെ ട്രോളാനും ചിലര്‍ തയ്യാറായതോടെ ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മില്‍ പരസ്പര പോര്‍വിളികളും ആരംഭിച്ചിട്ടുണ്ട്.

പരമ്പരയില്‍ നിന്നും മാറ്റിയ രാഹുലിന് ഇനി ബാഗ് പാക്ക് ചെയ്യാമെന്നും ഓപ്പണിങ്ങില്‍ ഗില്‍ തീയാണെന്നുമൊക്കെ കമന്റുകള്‍ പ്രചരിക്കുന്നുണ്ട്.

അതിനിടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ സീരീസിലെ മൂന്നാം ദിനം കളിയവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 35 റണ്‍സെടുത്ത രോഹിത് ശര്‍മ, 128 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, 42 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 59 റണ്‍സുമായി വിരാട് കോഹ് ലിയും 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.

ഓസീസിനായി നഥാന്‍ ലിയോണും മാത്യൂ കൂനേമാനും ടോഡ് മര്‍ഫിയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാം ടെസ്റ്റിലെ പരാജയത്തോടെ പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യന്‍ ടീം കരുതലോടെയാണ് അഹമ്മദാബാദില്‍ കളിക്കിറങ്ങിയത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി പിച്ചില്‍ നിന്ന് റണ്ണൊഴുകാന്‍ തുടങ്ങിയതോടെ ആദ്യ ഇന്നിങ്സില്‍ 480 റണ്‍സാണ് ഓസീസ് അടിച്ച് കൂട്ടിയത്.

ഇന്ത്യന്‍ നിരയില്‍ അശ്വിന്റെ പ്രകടനമാണ് വലിയ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസിനെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങില്‍ പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Content Highlight: shubhman gill got an hundred fans troll kl rahul

We use cookies to give you the best possible experience. Learn more