സ്വന്തം മണ്ണിൽ അടിപതറി; നാണക്കേടിന്റെ റെക്കോഡിൽ ദ്രാവിഡിനൊപ്പം ഇനി ഗില്ലും
Cricket
സ്വന്തം മണ്ണിൽ അടിപതറി; നാണക്കേടിന്റെ റെക്കോഡിൽ ദ്രാവിഡിനൊപ്പം ഇനി ഗില്ലും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 11:40 am

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് പ്രധാന താരങ്ങളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടീം സ്‌കോര്‍ 14ൽ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി.

19 പന്തില്‍ ആറ് റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ഹസന്‍ മഹ്‌മൂദിന്റെ പന്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. പിന്നീട് ടീം സ്‌കോര്‍ 28ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി.

എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്. ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്. ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇതിന് പിന്നാലെ ഒരു മോശം നേട്ടവും ഗില്ലിനെ തേടിയെത്തി. ഇന്ത്യയില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന മൂന്നാമത്തെ താരമെന്ന മോശം നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.

മൂന്ന് തവണയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഗില്‍ സ്വന്തം മണ്ണില്‍ പൂജ്യം റണ്‍സില്‍ പുറത്തായിട്ടുള്ളത്. ഇത്ര തവണ തന്നെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റില്‍ പുറത്തായ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡും പോളി ഉമ്രിഗറുമാണ് ഈ മോശം നേട്ടത്തില്‍ ഗില്ലിനൊപ്പമുള്ളത്.

ആറ് തവണ പൂജ്യത്തിനു പുറത്തായ ചേതേശ്വര്‍ പൂജാരയും നാല് തവണ റണ്‍സൊന്നും നേടാതെ പുറത്തായ ദിലീപ് വെങ്‌സര്‍ക്കാറുമാണ് യഥാക്രമം ഈ മോശം നേട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.

അതേസമയം ഗില്ലിനു പിന്നാലെ സൂപ്പര്‍താരം വിരാട് കോഹ്‌ലിയും പുറത്തായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 34ല്‍ നില്‍ക്കെയാണ് കോഹ്‌ലി പുറത്തായത്. ഹസന്റെ പന്തില്‍ ലിട്ടണ്
ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്. ആറ് പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്.

 

Content Highlight: Shubhman Gill Create a Unwanted Record in Test