| Saturday, 21st September 2024, 6:16 pm

ഗില്ലാട്ടത്തിൽ വിരാടും വീണു; അഞ്ചിന്റെ പഞ്ചിൽ നെഞ്ചുവിരിച്ച് നേടിയത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മൂന്നാം ദിവസം പിന്നിട്ടിരിക്കുകയാണ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 515 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയിലാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ശുഭ്മന്‍ ഗില്ലും റിഷബ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഗില്‍ 176 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. പത്ത് ഫോറുകളും നാല് സികസുകളുമാണ് താരം ഇതുവരെ നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടവും ഗില്‍ സ്വന്തമാക്കി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഗില്‍ കൈപ്പിടിയിലാക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ച്വറികളാണ് താരം നേടിയത്.

നാല് സെഞ്ച്വറികള്‍ വീതം നേടിയ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാല്‍, റിഷബ് പന്ത് എന്നിവരെ മറികടന്നു കൊണ്ടാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഒമ്പത് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്താവുകയായിരുന്നു. 133 പന്തില്‍ 113 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 124 പന്തില്‍ 86 റണ്‍സ് നേടി രവീന്ദ്ര ജഡേജയും 118 പന്തില്‍ 56 റണ്‍സ് നേടി യശ്വസി ജെയ്സ്വാളും മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ടാസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും നാഹിദ് റാണ, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 149 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

Content Highlight: Shubhman Gill Create A new Record in WTC

We use cookies to give you the best possible experience. Learn more