ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാല് റണ്‍സിന് ദല്‍ഹി ക്യാപിറ്റല്‍സാണ് ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഈ മത്സരത്തില്‍ ഒരു ചരിത്രനേട്ടമാണ് ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 25 വയസിന് മുമ്പായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയുമാണ് ഗില്‍ കളിച്ചിട്ടുള്ളത്. 100 മത്സരങ്ങളില്‍ നിന്നും 20 അര്‍ധസെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും ഉള്‍പ്പെടെ 3094 റണ്‍സാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്. 37.73 ആവറേജിലും 135.17 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
അതേസമയം മത്സരത്തില്‍ ക്യാപ്പിറ്റല്‍ നായകന്‍ റിഷബ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ദല്‍ഹി മികച്ച ടോട്ടല്‍ എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിക്കൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളുടെയും എട്ട് സിക്‌സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.
പന്തിനു പുറമേ അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും നാല് സിക്‌സുകളും ആണ് താരം നേടിയത്.
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും വൃദിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ദല്‍ഹി ബൗളിങ്ങില്‍ റാഷിക്ക് സലാം മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ആന്റിച്ച് നോര്‍ക്കെ, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും നാലു വിജയവും അഞ്ച് തോല്‍വിയുമായി എട്ട് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഗില്ലും സംഘവും. ഏപ്രില്‍ 28ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.
Content Highlight: Shubhman Gill create a new record in IPL