ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 35 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 55 പന്തില്‍ 104 റണ്‍സാണ് ഗില്‍ നേടിയത്. ഒമ്പത് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും ആണ് ഗുജറാത്ത് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
51 പന്തില്‍ 103 റണ്‍സ് ഉണ്ടായിരുന്നു സായിയുടെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ടി-20യില്‍ ഒരു സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഗുജറാത്ത് നായകന്‍ സ്വന്തമാക്കിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെറും 19 ഇന്നിങ്സില്‍ നിന്നുമാണ് ഗില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് നടന്നുകയറിയത്.
അതേസമയം ജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയവും ഏഴു തോല്‍വിയും അടക്കം 10 സ്ഥാനത്താണ് ഗുജറാത്ത്. ഈ തകര്‍പ്പന്‍ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമായി നിലനിര്‍ത്താനും ഗില്ലിനും കൂട്ടര്‍ക്കും സാധിച്ചു.
മെയ് 13ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം നടക്കുക.
Content Highlight: Shubhman Gill create a new record