സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തി സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 34 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും പ്ലേ ഓഫ് ഉറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന്റെയും സായ് സുദര്‍ശനിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോറിലേക്കുയര്‍ന്നിരുന്നു. ഗില്‍ സെഞ്ച്വറി നേടിയപ്പോള്‍ സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ കാലിടറി വീണു.
ടൈറ്റന്‍സ് നിരയില്‍ മറ്റൊരു താരം പോലും ഇരട്ടയക്കം കണ്ടിട്ടില്ല എന്നതാണ് ഇരുവരുടെയും ഇന്നിങ്‌സിനെ അത്രത്തോളം സ്‌പെഷ്യലാക്കുന്നത്. ഏഴ് പന്തില്‍ നിന്നും പുറത്താകാതെ ഒമ്പത് റണ്‍സ് നേടിയ ദാസുന്‍ ഷണകയാണ് ടൈറ്റന്‍സിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
𝐒 𝐟𝐨𝐫 𝐒𝐓𝐄𝐋𝐋𝐀𝐑, 𝐒 𝐟𝐨𝐫 𝐒𝐄𝐍𝐒𝐀𝐓𝐈𝐎𝐍𝐀𝐋, 𝐒 𝐟𝐨𝐫 𝐒𝐇𝐔𝐁𝐌𝐀𝐍 ⭐#GTvSRH | #AavaDe | #TATAIPL 2023 pic.twitter.com/pXPwLDMfU4
— Gujarat Titans (@gujarat_titans) May 16, 2023
— Gujarat Titans (@gujarat_titans) May 15, 2023
ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറിയാണ് ഗില്‍ സണ്‍റൈസേഴ്‌സിനെതിരെ നേടിയത്. 58 പന്തില്‍ നിന്നും 101 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 13 ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
കരിയറിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറി കുറിക്കുന്നതിന് മുമ്പ് തന്നെ ഗില്‍ മറ്റൊരു റെക്കോഡും തന്റെ പേരില്‍ കുറിച്ചിരുന്നു, അതും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ട്.
ഒരൊറ്റ സിക്‌സര്‍ പോലും നേടാതെ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന താരം എന്ന സച്ചിന്റെ 13 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഗില്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.
22ാം പന്തില്‍ ഫിഫ്റ്റി തികയ്ക്കുമ്പോള്‍ ഗില്ലിന്റെ പേരിന് നേരെ ഒരൊറ്റ സിക്‌സര്‍ പോലും എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നില്ല.
2010ലാണ് സച്ചിന്‍ സിക്‌സറുകളില്ലാതെ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചത്. ദല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ടുകൊണ്ടാണ് സച്ചിന്‍ അര്‍ധ സെഞ്ച്വറി തൊട്ടത്.
മത്സരത്തില്‍ 32 പന്തില്‍ നിന്നും 13 ബൗണ്ടറിയുള്‍പ്പെടെ 63 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്. 196.875 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു സച്ചിനുണ്ടായിരുന്നത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജെയ്‌സ്വാളിനെ മറികടന്നുകൊണ്ട് രണ്ടാം സ്ഥാനത്തേക്കെത്താനും താരത്തിന് സാധിച്ചു. ജെയ്‌സ്വാളിനെക്കാള്‍ ഒറ്റ റണ്‍സാണ് ഗില്ലിന് അധികമുള്ളത്.
13 മത്സരത്തില്‍ നിന്നും 48 ശരാശരിയിലും 146.19 എന്ന പ്രഹരശേഷിയിലും 576 റണ്‍സാണ് ഗില്‍ നേടിയത്. ഈ സെഞ്ച്വറിക്ക് പുറമെ നാല് അര്‍ധ സെഞ്ച്വറിയും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.
Content Highlight: Shubhman Gill brakes Sachin Tendulkar’s record