2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടു. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തോല്‍വിയേറ്റുവാങ്ങിയത്. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ദുബായില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്.
കളത്തിലിറങ്ങിന്നതിന് മുമ്പേ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ആധിപത്യം പുലര്‍ത്തിയ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ മറികടന്നാണ് ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടത്തിലെത്തിയത്.
796 എന്ന റേറ്റിങ് പോയിന്റോടെയാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്. കാലങ്ങളോളം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാബര്‍ 773 റേറ്റിങ് പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 761 പോയിന്റുമായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. നാലാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍ 756 റേറ്റിങ് പോയിന്റുമായി പുറകിലുണ്ട്.
ബംഗ്ലാദേശിനെതിരായി ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം നേടി തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
അതേസമയം ഉദ്ഘാടന മത്സരത്തില്‍ തന്നെ പരാജയം രുചിക്കേണ്ടി വന്ന പാകിസ്ഥാന് വേണ്ടി ഓപ്പണര്‍ ബാബര്‍ അസം 90 പന്തില്‍ 64 റണ്‍സ് നേടിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഗില്‍ മിന്നും പ്രകടനം നടത്തിയതോടെയാണ് ഗില്‍ ഈ നേട്ടത്തിലേക്ക് കുതിച്ചത്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി
യശസ്വി ജെയ്സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ
Content Highlight: Shubhman Gill At The Top Of ICC ODI Batting Ranking