ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു ഇന്ത്യന്‍ ടീമിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജെയ്‌സ്വാളും നല്‍കിയത്.
ഹോള്‍ഡറിന് വിക്കറ്റ് നല്‍കി ജെയ്‌സ്വാള്‍ പുറത്താകുന്നതിന് മുമ്പ് 139 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ജെയ്‌സ്വാള്‍ 57 റണ്‍സ് നേടിയിരുന്നു. മൂന്നാമനായെത്തിയ ശുഭ്മന്‍ ഗില്‍ വെറും പത്ത് റണ്‍സ് നേടി പുറത്തായി. ടെസ്റ്റില്‍ താരം വീണ്ടും വീണ്ടും പരാജിതനാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഒരുപാട് മത്സരങ്ങളായി വിദേശ പിച്ചുകളില്‍ താരം ഫോമിന്റെ നിഴല്‍ പോലും കാണിക്കുന്നില്ല. ഐ.പി.എല്ലിലെ തകര്‍പ്പന്‍ ഫോമിന് ശേഷം കളിക്കാനെത്തിയ ഡബ്ല്യു.ടി.സി ഫൈനലില്‍ പരാജയമാകുന്ന ഗില്ലിനെയാണ് കാണാന്‍ സാധിച്ചത്. മത്സരത്തിന് ശേഷം അദ്ദേഹത്തെ തേടി ഒരുപാട് വിമര്‍ശനങ്ങളും എത്തിയിരുന്നു.
വിന്‍ഡീസിനെതിരെയുള്ള ആദ്യ മത്സരത്തിലും അദ്ദേഹം പരാജയമായിരുന്നു. വെറും ആറ് റണ്‍സ് മാത്രമാണ് അദ്ദേഹം വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ നേടിയത്. വിദേശത്ത് വെച്ച് നടന്ന കഴിഞ്ഞ ഏഴ് ടെസ്റ്റിലും അദ്ദേഹം അമ്പേ പരാജയമായിയിരുന്നു.
എന്നാല്‍ ഗില്ലിന് വീണ്ടും അവസരം നല്‍കുമെന്ന് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചായ വിക്രം റാത്തോട് പറഞ്ഞിരുന്നു. ഒരൊറ്റ ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഗില്ലിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണ്ടും ഗില്‍ പരാജിതനാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
12 പന്ത് നേരിട്ടാണ് ഗില്‍ 10 റണ്‍സ് നേടിയത്. ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ ജോഷ്വാ ഡ സില്‍വക്ക് ക്യാച്ച് നല്‍കിയായിരുന്നു ഗില്‍ പുറത്തായത്. രണ്ട് ഫോറുകളടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ, എന്നീ മികച്ച ടാലെന്റുകളാണ് അവസരത്തിനായി പുറത്തുകാത്തിരിക്കുന്നത്. ഗില്ലിനാണെങ്കില്‍ ടെസ്റ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ അവസരം ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്. 30ന് മുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗില്ലിന്റെ ശരാശരി 30 മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.