| Friday, 22nd March 2024, 2:10 pm

സഞ്ജുവിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, അദ്ദേഹം യുവതാരങ്ങൾക്ക് പ്രചോദനമാണ്: സഞ്ജുവിന്റെ പുതിയ വജ്രായുധം പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സഞ്ജു സാംസണ്ണിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ താരം ശുഭം ദൂബെ.

ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നാണ് രാജസ്ഥാന്‍ റോയല്‍ താരം പറഞ്ഞത്. സ്‌പോര്‍ട്‌സ് കീടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശുഭം ദൂബെ.

‘സഞ്ജു സാംസണില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനില്‍ കളിച്ച താരങ്ങളായ യശ്വസി ജെയ്സ്വാള്‍, ധ്രൂവ് ജുറല്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ താരങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സീസണില്‍ എന്റെ കളിയെ പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്,’ ശുഭം ദൂബെ പറഞ്ഞു.

ഈ സീസണില്‍ 5.8 കോടി രൂപയ്ക്കാണ് ശുഭം ദൂബെയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങള്‍ ആണ് താരത്തെ രാജസ്ഥാന്‍ ടീമില്‍ എത്തിച്ചത്. കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 221 റണ്‍സാണ് താരം നേടിയത്. ഈ സീസണില്‍ സഞ്ജുവിന്റെ കീഴില്‍ മിന്നും ദൂബെ പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നുമാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകത്തിലെത്തുന്നത്. 2021ലാണ് മലയാളി താരം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ഐ.പി.എല്ലില്‍ 152 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 3888 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.

Content Highlight: Shubham Dubey talks about Sanju Samson

We use cookies to give you the best possible experience. Learn more