അവാര്‍ഡ് ലഭിച്ച സന്തോഷത്തിന്റെ അത്രയും മണിപ്പൂരിലെ സ്ത്രീകളെ ഓര്‍ത്ത് ദുഖിക്കുന്നു; ശ്രുതി ശരണ്യം
Entertainment news
അവാര്‍ഡ് ലഭിച്ച സന്തോഷത്തിന്റെ അത്രയും മണിപ്പൂരിലെ സ്ത്രീകളെ ഓര്‍ത്ത് ദുഖിക്കുന്നു; ശ്രുതി ശരണ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st July 2023, 11:12 pm

മണിപ്പൂരില്‍ അപമാനിതരായ സ്ത്രീകളെ കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നുവെന്ന് മികച്ച സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രത്യേക അവാര്‍ഡ് ലഭിച്ച ബി 32 മുതല്‍ 44 യുടെ സംവിധായിക ശ്രുതി ശരണ്യം.

ബി 32 മുതല്‍ 44 വരെയ്ക്ക് ഇന്ന് ലഭിച്ച ഈ അംഗീകാരത്തില്‍ എത്രമാത്രം ഞാന്‍ സന്തോഷിക്കുന്നോ ഒരുപക്ഷേ, അത്രമാത്രം തന്നെ മണിപ്പൂരിലെ അപമാനിതരായ സഹോദരിമാരെക്കുറിച്ചോര്‍ത്ത് ദുഖിക്കുകയും ചെയ്യുന്നുവെന്നുവെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രുതി പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സിനിമ ചെയ്യാന്‍ ഫണ്ടൊരുക്കിയത് കൊണ്ടും ഒരുപറ്റം നല്ല മനുഷ്യര്‍ കൂടെ നിന്ന് രാവും പകലും അധ്വാനിച്ചതുകൊണ്ടും ‘ബി എന്ന ചിത്രമുണ്ടായി. അതേസമയം മണിപ്പൂരില്‍ ഒരു വിഭാഗം അദൃശ്യരായ സ്ത്രീകള്‍ തങ്ങളുടെ ജീവനും, സ്വാഭിമാനത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. അവരുടെ പോരാട്ടങ്ങള്‍ എവിടെയും അടയാളപ്പെടാതെ പോകുന്നു എന്നുള്ളതും അത്രമേല്‍ വേദനയോടെ ഓര്‍ക്കട്ടെയെന്നും ശ്രുതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

മണിപ്പൂരിലെ സ്ത്രീകളുടെ സമരത്തില്‍ തന്റെ ശബ്ദവും കേള്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടെന്ന് പറഞ്ഞാണ് ശ്രുതി കുറുപ്പ് അവസാനിപ്പിക്കുന്നത്.

ശ്രുതി ശരണ്യം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ബി 32 മുതല്‍ 44 വരെയ്ക്ക് ഇന്ന് ലഭിച്ച ഈ അംഗീകാരത്തില്‍ എത്രമാത്രം ഞാന്‍ സന്തോഷിക്കുന്നോ ഒരുപക്ഷേ, അത്രമാത്രം തന്നെ മണിപ്പൂരിലെ അപമാനിതരായ സഹോദരിമാരെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുകയും ചെയ്യുന്നു.. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനൊരു ഫണ്ടൊരുക്കിയതുകൊണ്ടും, ഒരുപറ്റം നല്ല മനുഷ്യര്‍ കൂടെ നിന്ന് രാവും പകലും അധ്വാനിച്ചതുകൊണ്ടും ബി എന്ന ചിത്രമുണ്ടായി. കൂടെ നിന്ന ഒരുപാട് നല്ല ചലച്ചിത്ര കുതുകികളുടെയും, സൊസൈറ്റി പ്രവര്‍ത്തകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളാലും, ദയയാലും ഈ ചിത്രം പൊതുജനങ്ങളിലേയ്ക്ക് കുറച്ചെങ്കിലുമെത്തി. സ്ത്രീ-സിനിമകള്‍ക്കും സ്ത്രീ – സംവിധായകര്‍ക്കുമായുള്ള പ്രത്യേക കാറ്റഗറി നിലനില്‍ക്കുന്നതുകൊണ്ട് ബി യ്ക്ക് അവാര്‍ഡും ലഭിച്ചു. ഇതേ സമയം, മണിപ്പൂരില്‍ ഒരു വിഭാഗം അദൃശ്യരായ സ്ത്രീകള്‍ തങ്ങളുടെ ജീവനും, സ്വാഭിമാനത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്നുള്ളതും അവരുടെ പോരാട്ടങ്ങള്‍ എവിടെയും അടയാളപ്പെടാതെ പോകുന്നു എന്നുള്ളതും അത്രമേല്‍ വേദനയോടെ ഓര്‍ക്കട്ടെ, അവരുടെ യുദ്ധങ്ങളില്‍ എന്റെ ശബ്ദവും കേള്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവോടെ.’

Content Highlight: Shruti Saranyam says about Manipur women and her state award